police-dgp

ഡിജിറ്റൈസേഷനില്‍ കേരള പൊലീസ് പിന്നില്‍ പോയെന്ന് ഡി.ജി.പിയുടെ വിമര്‍ശനം. സി.ഐയും എസ്.ഐയും ഉള്‍പ്പെടെ മുഴുവന്‍ ഉദ്യോഗസ്ഥരും കംപ്യൂട്ടര്‍ പഠിക്കണമെന്ന് നിര്‍ദേശിച്ചു. രണ്ടായിരത്തി ഇരുപതില്‍ സ്ത്രീ സുരക്ഷ പൊലീസിന്റെ മുഖ്യ അജണ്ടയാക്കാനും തീരുമാനം.

തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ വിളിച്ചുചേര്‍ത്ത,  സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡി.ജി.പി വിമര്‍ശനം ഉന്നയിച്ചത്.  രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ തിരഞ്ഞെടുക്കാനുള്ള പട്ടികയിലേക്ക്  കേരളത്തില്‍ നിന്ന് തൃശൂരിലെ ഒല്ലൂരും വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയും പരിഗണിച്ചിരുന്നു. എന്നാല്‍ പതിനെട്ടാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ഇത്രയും പിന്നിലാകാന്‍ കാരണം കംപ്യൂട്ടര്‍ വല്‍ക്കരണം ഉള്‍പ്പെടെയുള്ള നടപടികളിലെ പോരായ്മയാണെന്നാണ് ഡി.ജി.പി ചൂണ്ടിക്കാട്ടിയത്. 

കേസ് റജിസ്ട്രേഷന്‍ അടക്കമുള്ള സ്റ്റേഷനിലെ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതില്‍ പല സ്റ്റേഷനുകളും പരാജയപ്പെടുന്നു. ഡിവൈ.എസ്.പിയും സി.ഐയും ഉള്‍പ്പെടെ മുഴുവന്‍ ഉദ്യോഗസ്ഥരും കംപ്യൂട്ടര്‍ പരിശീലിക്കുകയും തുടര്‍ച്ചയായി ഉപയോഗിക്കുകയും ചെയ്യണമെന്ന നിര്‍ദേശവും ഡി.ജി.പി നല്‍കി.  പൊലീസ് സ്റ്റേഷനുകള്‍ വൃത്തിയായി സൂക്ഷിക്കുന്നില്ലെന്ന ആക്ഷേപവും പൊലീസ് മേധാവി ഉന്നയിച്ചു. സി.ഐയും എസ്.ഐയും ഇതിന് ഉത്തരവാദികളാണെന്നും ഡി.ജി.പി പറഞ്ഞു. സ്ത്രീ സുരക്ഷയാണ് ഈ വര്‍ഷത്തെ പൊലീസിന്റെ മുഖ്യ അജണ്ടയെന്നതിനാല്‍ സ്ത്രീകളും കുട്ടികളും നല്‍കുന്ന പരാതികള്‍ വേഗത്തില്‍ പരിഗണിക്കമെന്നതിനൊപ്പം സുരക്ഷാ പദ്ധതികള്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദേശമുണ്ട്.