ഭൂപരിഷ്കരണനിയമത്തില്‍ സി.അച്യുതമേനോന്‍റെ പങ്കിനെകുറിച്ചുള്ള തര്‍ക്കത്തിലാണ് സി.പി.എമ്മും സി.പി.ഐയും. 1967ലെ സപ്തകക്ഷിമുന്നണി സര്‍ക്കാര്‍ വീണതിനെ തുടര്‍ന്ന് 1969ലെ കേരളപ്പിറവി ദിനത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഐ സര്‍ക്കാര്‍ രൂപീകരിച്ചതിലെ വിരോധം സിപിഎമ്മിന് ഇപ്പോഴുമുണ്ട്. ഭൂപരിഷ്കരണത്തിന്റെ പിതൃത്വം ഇ.എം.എസ് സര്‍ക്കാരുകളിലേക്ക് മാത്രം ചുരുക്കി ഭൂപരിഷ്കരണത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന് പിന്നില്‍ ഇതും കാണാം.
ഏഴുവര്‍ഷം കേരളം ഭരിച്ച സി.അച്യുതമേനോന്റെ ശോഭ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മൂപ്പിളമത്തര്‍ക്കത്തില്‍ പെട്ട് കുറയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കാനം രാജേന്ദ്രന്‍ പറഞ്ഞതുപോലെ സൂര്യനെ പാഴ് മുറം കൊണ്ട് മറയ്ക്കാനാവില്ല. സി.പി.എമ്മിന് അംഗീകരിക്കാന്‍ വൈമുഖ്യമുണ്ടാകുമെങ്കിലും കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഭരണമികവിലും നേട്ടങ്ങളിലും മുന്നിലുണ്ട് സി.അച്യുതമേനോന്‍. അവകാശവാദങ്ങളല്ല, വസ്തുതകളാണ് സാക്ഷി.
ഇ.എം.എസ് സര്‍ക്കാര്‍ പാസാക്കിയ ഭൂപരിഷ്കരണബില്ലിലെ വ്യവസ്ഥകള്‍ 1970 ജനുവരി ഒന്നിന് പ്രാബല്യത്തിലാക്കാനും തുടര്‍നടപടികളെടുക്കാനും അച്യുതമേനോന്‍ സര്‍ക്കാരിനായി. കര്‍ഷകബന്ധ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് ഏഴരലക്ഷം ഏക്കറോളം സ്വകാര്യവനങ്ങളും കണ്ണന്‍ദേവന്‍ കമ്പനി കൃഷി ചെയ്യാതെ കിടന്നിരുന്ന 132000 ഏക്കര്‍ഭൂമിയും കുട്ടനാട്ടില്‍ കൃഷി ചെയ്യാതെ കിടന്നിരുന്ന കായല്‍ നിലവും പ്രതിഫലം നല്‍കാതെ സര്‍ക്കാര്‍ ഏറ്റെടുത്തു.
1974ലെ കര്‍ഷകത്തൊഴിലാളി നിയമം തൊഴിലാളികളുടെ ജീവതം മാറ്റിമറിച്ചു. ജോലി സമയം നിജപ്പെടുത്തി, മിനിമം കൂലി കൂട്ടി, തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തി. പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ ഏറ്റെടുത്ത് തുറന്നുപ്രവര്‍ത്തിപ്പിച്ചു. കശുവണ്ടി വികസനകോര്‍പറേഷന്‍ രൂപീകരിച്ചു. തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ നിയമം പാസാക്കി.
സാമൂഹ്യക്ഷേമ പദ്ധതികളുടെ കാര്യത്തിലും അച്യുതമേനോന്‍സര്‍ക്കാര്‍ വിപ്ലവം നടത്തി. എം.എന്‍.ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ പാവങ്ങള്‍ക്കായി ലക്ഷംവീട് പദ്ധതി ആവിഷ്കരിച്ചു. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി സര്‍ക്കാര്‍ ഭൂമി വാങ്ങി വീടുവച്ചു നല്‍കി. ഒരുവര്‍ഷം കൊണ്ട് എണ്‍പതിനായിരത്തിലേറെ പാവങ്ങള്‍ക്കാണ് സ്വന്തമായി കൂരയായത്.
രാജ്യത്ത് ആദ്യമായി ശാസ്ത്രനയം പ്രഖ്യാപിച്ചത് അച്യുതമേനോന്‍ സര്‍ക്കാരാണ്. എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂളുകള്‍ തുറന്നു. ജില്ലകള്‍ തോറും വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിച്ചു. ചലച്ചിത്ര അവാര്‍ഡുകള്‍ ആദ്യമായി പ്രഖ്യാപിച്ചതും അക്കാലത്തുതന്നെ.
ഇടതുസര്‍ക്കാരുകള്‍ എല്ലാക്കാലത്തും നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്ന പൊതുമേഖലയുടെ അടിത്തറ പണിതത് സി.അച്യുതമേനോനാണ്. 45 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടക്കമിട്ടത്. 1973ല്‍ സ്ഥാപിച്ച കെല്‍ട്രോണ്‍ ഇന്ത്യന്‍ ഇലക്ട്രോണിക് വ്യവസായമേഖലയില്‍ തന്നെ നാഴികക്കല്ലായി. സ്വകാര്യമൂലധനത്തോടും മുഖം തിരിഞ്ഞു നിന്നില്ല ഈ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി. സംസ്ഥാനത്തിന് പുറത്തുനിന്ന് സ്വകാര്യനിക്ഷേപകരെ ക്ഷണിച്ചുവരുത്തി. അച്യുതമേനോന്‍ തുടക്കമിട്ട പൊതുമേഖലാസ്ഥാപനങ്ങളുടെ പേര് നോക്കുക. കേരളത്തിന്റെ വളര്‍ച്ചയ്ക്കും ജീവിതനിലവാരം ഉയര്‍ത്തുന്നതിലും ഗണ്യമായ പങ്കുവഹിച്ച സ്ഥാപനങ്ങളാണ് ഇവയില്‍ ഏറെയും.
അച്യുതമേനോന്‍റെ മുദ്ര പതിഞ്ഞ സ്ഥാപനങ്ങള്‍.
1. കെ.എസ്.എഫ്.ഇ
2. കെ.എം.എം.എല്‍, ചവറ
3. സപ്ലൈകോ
4. ഔഷധി
5. സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ്
6. റീജണല്‍ ക്യാന്‍സര്‍ സെന്റര്‍
7. സ്റ്റീല്‍ കോംപ്ലക്സ് ലിമിറ്റഡ്, കോഴിക്കോട്
8. കേരള അര്‍ബന്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍
9. ബാംബൂ കോര്‍പറേഷന്‍
10. ഹൗസിങ് ബോര്‍ഡ്
11. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്
12. ടെക്സ്റ്റയില്‍ കോര്‍പറേഷന്‍, തിരുവനന്തപുരം
13. എസ്.എഫ്.സി.കെ പുനലൂര്‍
14. കെല്‍ട്രോണ്‍
15. കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഫോര്‍ എസ്.സി./എസ്.ടി
16. കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്‍പറേഷന്‍
17. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്
18. മീറ്റ് പ്രൊഡക്ട്സ് ഇന്ത്യ ലിമിറ്റഡ്
19. കാംകോ, ആലുവ
20. കേരള ഗാര്‍മെന്റ്സ് ലിമിറ്റഡ്, കണ്ണൂര്‍
21. കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ്
22. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്
23. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍
24. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പറേഷന്‍
25. സീതാറാം ടെക്സ്റ്റയില്‍സ്, തൃശൂര്‍
26. കേരള സ്റ്റേറ്റ് ഫിഷറീസ് ഡവലപ്മെന്റ് കോര്‍പറേഷന്‍
27. കെല്‍ട്രോണ്‍ മാഗ്നറ്റിക് ലിമിറ്റഡ്
28. സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍
29. കെല്‍ട്രോണ്‍ റെസിസ്റ്റേഴ്സ് ലിമിറ്റഡ്
30. ലൈവ് സ്റ്റോക് ഡവലപ്മെന്റ് ബോര്‍ഡ്
31. ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍
32. റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍, പുനലൂര്‍
33. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട്സ് ട്രേഡിങ് കോര്‍പറേഷന്‍
34. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്
35. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
36. കേരള കാര്‍ഷിക സര്‍വകലാശാല
37. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല
38. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്ററ്റ്യൂട്ട്
39. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍
40. സി.ഡി.എസ്
41. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്
42. റീജണല്‍ റിസര്‍ച്ച് ലബോറട്ടറീസ്
43. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍
44. ചിത്രാഞ്ജലി സ്റ്റുഡിയോ
45. ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍