ട്വന്റി 20 ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കിഴക്കമ്പലം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ വി ജേക്കബ് രംഗത്ത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചതെന്ന് കെ വി ജേക്കബ് വ്യക്തമാക്കി. ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് അനാവശ്യമായി പഞ്ചായത്ത് ഭരണത്തിൽ ഇടപെടുന്നു എന്നും കെ വി ജേക്കബ് ആരോപിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതു വലതു മുന്നണികളെ അട്ടിമറിച്ചാണ് ട്വന്റി 20 ജനകീയ കൂട്ടായ്മ കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ പ്രകടനം ആവർത്തിക്കാൻ കഴിയാതെ വന്നതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കെ വി ജേക്കബും ട്വന്റി 20 നേതൃത്വവും തമ്മിൽ തെറ്റിയത്. പഞ്ചായത്ത് ഫണ്ടിന്റെ എഴുപത് ശതമാനവും സാബു ജേക്കബിന്റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ചെലവാക്കിയിട്ടുള്ളതെന്ന് കെ വി ജേക്കബ് ആരോപിച്ചു
റോഡ് നിർമാണം അടക്കം പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ സാബു ജേക്കബ് സ്വന്തം ഇഷ്ടപ്രകാരമാണ് നടപ്പാക്കുന്നത്. സാബു ജേക്കബിന്റെ വ്യകതി താല്പര്യങ്ങൾ അനുസരിച്ചു മാത്രമേ പഞ്ചായത്തിൽ കാര്യങ്ങൾ നടത്താവൂ എന്ന അവസ്ഥയാണ്. പഞ്ചായത്ത് മെമ്പർമാർക്ക് മാസ ശമ്പളം എന്ന പേരിൽ പണം നൽകി വിലയ്ക്ക് എടുത്തിരിക്കുകയാണെന്നും കെ വി ജേക്കബ് ആരോപിച്ചു തനിക്കെതിരായ അഴിമതി ആരോപണങ്ങൾ തെളിയിക്കാൻ ട്വന്റി 20 നേതൃത്വത്തെ കെ വി ജേക്കബ് വെല്ലുവിളിച്ചു. പഞ്ചായത്ത് മെമ്പർ പദവി രാജി വയ്ക്കില്ലെന്നും സ്വതന്ത്ര അംഗമായി തുടരുമെന്നും കെ വി ജേക്കബ് വ്യക്തമാക്കി.