പൊലീസിന്റെ മുഖം എങ്ങനെയെല്ലാം കൂടുതല്‍ ജനകീയമാക്കാമെന്ന തീവ്ര ചിന്തയിലാണ് സേനയിലെ മേധാവിമാര്‍. ജനമൈത്രി പൊലീസിന്റെ പേരില്‍ ജോലിക്ക് പുറമെ ജനകീയ പരിപാടികള്‍ സംഘടിപ്പിച്ച് നിരവധി ഉദ്യോഗസ്ഥര്‍ കൈയടിയും മാധ്യമ ശ്രദ്ധയും നേടികഴിഞ്ഞു. ഇതിന് തുടര്‍ച്ചയായിട്ടാണ് പുതിയ മാറ്റത്തിന് തുടക്കമിടാന്‍ സേനയില്‍ പുതിയൊരു ആശയം ഉദിച്ചത്. സ്റ്റേഷനുകളിലും ബറ്റാലിയന്‍ കേന്ദ്രങ്ങളിലും നടത്തുന്ന പരേഡുകള്‍ എന്തിന് സേനയ്ക്കുള്ളില്‍ മാത്രമായി ഒതുക്കണം ? നാലാള്‍ കണ്ടാല്‍ അത് സേനയ്ക്ക് അഭിമാനമാകില്ലേ ? പൊതുജനത്തിന് പൊലീസിനോടുള്ള അകലച്ചയും കുറഞ്ഞ് വരില്ലേ ? ഈ ചിന്തകളില്‍നിന്നാണ് പുതിയ നിര്‍ദേശം ഉടലെടുത്തത്.

 

വെള്ളിയാഴ്ചകളില്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലും ബറ്റാലിയന്‍ കേന്ദ്രങ്ങളിലും നടന്നിരുന്ന പരേഡ് പൊതുസ്ഥലത്തേക്ക് മാറ്റുക. 

അങ്ങനെ പൊതുജനങ്ങള്‍ക്കും പരേഡ് ആസ്വദിക്കാനുള്ള സൗകര്യം ലഭ്യമാകും. ഇതോടെ ജനങ്ങള്‍ക്കിടയില്‍ പൊലീസിന്റെ സ്വീകാര്യത വര്‍ധിക്കുമെന്നാണ് ജനമൈത്രി മേധാവിമാരുടെ ചിന്ത. സംഘര്‍ഷ മേഖലകളിലും തിരഞ്ഞെടുപ്പ് കാലത്തും റൂട്ട് മാര്‍ച്ച് കണ്ട് ഭയന്നിരുന്ന നാട്ടുകാര്‍ക്ക് ഇനി ആഴ്ചയില്‍ പരേഡ് കണ്ട് ആസ്വദിക്കാം. 

 

ലോക്കല്‍ സ്റ്റേഷനുകളില്‍ അമിത ജോലിഭാരമാണെന്നാണ് പൊലീസുകരുടെ പൊതുവേയുള്ള പരാതി. ഇതിനിടയിലാണ് ജനമൈത്രി പൊലീസിന്റെ ജനകീയ പരിപാടികളെത്തുന്നത്. കുടുംബത്തെ മറന്നും ജനമൈത്രി പരിപാടികള്‍ക്ക് നേത‍ൃത്വം നല്‍കുന്ന പൊലീസുകാരുടെ മുഖംപോലും പുതിയ പരേഡ് നിര്‍ദേശം കേട്ടതോടെ മങ്ങി. കാരണം വെള്ളിയാഴ്ച പരേഡുകളില്‍ വിരലിലെണ്ണാവുന്നവര്‍മാത്രമാണ് ഇപ്പോള്‍ പങ്കെടുക്കുന്നത്. ഈ അംഗബലമില്ലാത്ത പരേഡ് കാണാന്‍ പൊതുജനം എത്തിയാല്‍ നാണക്കേടാവില്ലേയെന്നാണ് പൊലീസുകാരുടെ ചിന്ത. സ്റ്റേഷനിലെ എല്ലാ അംഗങ്ങളെയും ഇറക്കി പരേഡ് നടത്താമെന്ന് കരുതിയാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയും പൊലീസുകാര്‍ പങ്കുവയ്ക്കുന്നു.

 

കുതിരകളുടെ പരേഡും ബാന്‍ഡ് മേളവും ആസ്വദിക്കാം

 

സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കണ്ടിരുന്ന അശ്വാരൂഢസേനയുടെ പ്രകടനവും ബാന്‍ഡ് മേളവും ഇനി പൊതുജനങ്ങള്‍ക്ക് പതിവായി ആസ്വദിക്കാം. കുതിരകളുടെ പ്രകടനം തല്‍ക്കാലം തിരുവനന്തപുരം നഗരത്തിലെത്തുന്നവര്‍ക്ക് മാത്രമെ കാണാന്‍ കഴിയു. അശ്വാരൂഢസേനയിലെ പരമാവധി കുതിരകളെയും അംഗങ്ങളെയും ഉള്‍പ്പെടുത്തി എല്ലാ പ്രവൃത്തിദിവസവും പരേഡ് നടത്തണം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതകമുള്ള കാഴ്ചയും പൊലീസിനെ കൂടുതല്‍ സ്നേഹിക്കാനുള്ള മാര്‍ഗവും ആകുമെന്ന് ജനമൈത്രി പൊലീസ് കരുതുന്നു. ഒപ്പം കുതിരകളുടെ ആരോഗ്യ പരിപാലനത്തിനും ഈ നടത്തം ഗുണകരമാകും. എന്നാല്‍ പൊതുസ്ഥലത്ത് സ്ഥിരമായി കുതിരകളെ ഇറക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് പൊലീസുകാര്‍ പറയുന്നു. കുതിര ആഡംബരക്കാറില്‍ തൊഴിച്ചെന്ന്  കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ലഭിച്ചത്. വഴുതക്കാട് ജങ്ഷനില്‍വച്ച് കാറിന് സമാന്തരമായി ഓടിവന്ന കുതിര കാറില്‍ ശക്തമായി തൊഴിച്ചെന്നായിരുന്നു പരാതി. എന്നിട്ടും കുതിരപ്പുറത്തിരുന്ന പൊലീസുകാരന്‍ കുതിരയെ നിറുത്താന്‍ തയ്യാറായില്ലെന്നും ആക്ഷപം ഉയര്‍ന്നിരുന്നു.

 

പൊലീസ് സേനയുടെ ബാന്‍ഡ് മേളം ആഴ്ചയില്‍ അഞ്ചുദിവസം പൊതുസ്ഥലത്ത് അവതരിപ്പിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. 

ബറ്റാലിയന്‍ കേന്ദ്രങ്ങളിലും തിരുവനന്തപുരം സിറ്റിയിലും ബാന്‍ഡ് ടീമുകളുണ്ട്. ഈ ടീമുകള്‍‌ വിവിധ സ്ഥലങ്ങളിലായി പൊതുജനത്തെ ആകര്‍ഷിക്കുംവിധം പ്രകടനം നടത്തണം. ഈ തീരുമാനത്തോട് മാത്രം സേനയില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നിട്ടില്ല. 

 

സര്‍ക്കുലര്‍ അടുത്തമാസം

 

ഡിജിപിയുടെ നിര്‍ദേശമടങ്ങിയ കത്തുകള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ബറ്റാലിയന്‍ കേന്ദ്രങ്ങളിലും എത്തിക്കഴിഞ്ഞു. പുതിയ തീരുമാനത്തോടുള്ള അഭിപ്രായങ്ങള്‍ ഈമാസം 31ന് മുന്‍പായി ഡിജിപി ഓഫിസില്‍ അറിയിക്കണം. തുടര്‍ന്ന് അടുത്തമാസം ആദ്യവാരം ഈ നിര്‍ദേശങ്ങള്‍ സര്‍ക്കുലറായി ഇറക്കുമെന്നാണ് സൂചന.