ഇന്ന് വലയ സൂര്യ ഗ്രഹണം. കേരളത്തിൽ കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ വലയഗ്രഹണം പൂർണതയോടെ കാണാനാകും. മറ്റുള്ള ജില്ലകളിൽ വലയത്തിനുപകരം ചെറിയ ചന്ദ്രക്കല പോലെയാകും ഗ്രഹണ സമയത്ത് സൂര്യൻ ദൃശ്യമാകുക.
എന്താണു വലയ സൂര്യഗ്രഹണം?
സൂര്യനെ ഭൂമിയും ഭൂമിയെ ചന്ദ്രനും പരിക്രമണം ചെയ്യുന്നു. ഈ കറക്കങ്ങൾക്കിടയിൽ ഇവ മൂന്നും ഒരു നേർരേഖയിൽ വന്നാൽ ഭൂമിയിൽ നിന്നു നോക്കുന്ന നമുക്ക് സൂര്യനോ ചന്ദ്രനോ മറയ്ക്കപ്പെടുന്നതായി അനുഭവപ്പെടും. ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരികയും, ചന്ദ്രൻ സൂര്യബിംബത്തെ മറയ്ക്കുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി വരികയും, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയ്ക്കുകയും ചെയ്യുന്നതുമൂലം ചന്ദ്രഗ്രഹണം സംഭവിക്കുന്നു.
സൂര്യബിംബത്തെ ചന്ദ്രൻ മറയ്ക്കുമ്പോഴാണ് സൂര്യഗ്രഹണം നടക്കുന്നത്. നമ്മുടെ കാഴ്ചയിൽ ഒരു വസ്തുവിന്റെ വലുപ്പം അതിന്റെ യഥാർഥ വലുപ്പത്തെയും ആ വസ്തുവിലേക്കുള്ള ദൂരത്തേയും ആശ്രയിച്ചിരിക്കും. അകലം കൂടുന്തോറും വസ്തുക്കളുടെ ആപേക്ഷിക വലുപ്പം കുറഞ്ഞുവരും. ചന്ദ്രന്റെ വ്യാസം 3474 കിലോമീറ്റർ ആണ്. ഭൂമിയിൽ നിന്നുള്ള ചന്ദ്രന്റെ ശരാശരി ദൂരം 3,84,400 കിലോമീറ്ററും. ഇത്രവലിയ ദൂരം മൂലം ചന്ദ്രനെ നമ്മൾ തീരെ ചെറിയ ഒരു വസ്തുവായാണ് കാണുന്നത്. ഭക്ഷണം കഴിക്കുന്ന ഒരു പാത്രത്തിന്റെയത്ര ചെറുത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ചന്ദ്രബിംബത്തെ നാം കാണുന്നത് ഏതാണ്ട് അര ഡിഗ്രി കോണീയ വലുപ്പത്തിലാണ്. സൂര്യന്റെ കാര്യവും ഇതുപോലെ തന്നെ.
ഏകദേശം 14 ലക്ഷം കിലോമീറ്റർ വ്യാസമുള്ള ഭീമാകാരമായ ഒരു ഗോളമാണ് സൂര്യൻ. എന്നാൽ സൂര്യൻ ഭൂമിയിൽ നിന്നും ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ്. ഈ ദൂരക്കൂടുതൽ കാരണം ചെറിയ ഒരു വസ്തുവായാണ് സൂര്യനെയും നമുക്ക് കാണാനാകുക, അതായത് ഏകദേശം അര ഡിഗ്രി കോണീയ വലുപ്പം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സൂര്യനേയും ചന്ദ്രനേയും ഒരേ കോണീയ വലുപ്പത്തിലാണ് നാം കാണുന്നത്. നേർക്കുനേരെ വന്നാൽ, ഭീമാകാരനായ സൂര്യനെ ചന്ദ്രന് മറയ്ക്കാനാകും.
ഭൂമിയും ചന്ദ്രനുമൊക്കെ പരിക്രമണം ചെയ്യുന്നത് ദീർഘവൃത്താകാര പാതയിലാണ്. അതിനാൽ ചിലസമയങ്ങളിൽ ഭൂമിയും ചന്ദ്രനുമായുള്ള അകലം കൂടുതലായിരിക്കുകയും, ചന്ദ്രന്റെ ആപേക്ഷിക വലുപ്പം കുറയുകയും ചെയ്യും. അത്തരം ഒരവസരത്തിലാണ് ഗ്രഹണം നടക്കുന്നതെങ്കിൽ സൂര്യനെ പൂർണ്ണമായും മറയ്ക്കാനുള്ള ആപേക്ഷിക വലുപ്പം ചന്ദ്രനുണ്ടാകില്ല. ചന്ദ്രനാൽ മറയ്ക്കപ്പെടാത്ത സൂര്യബിംബത്തിന്റെ പുറംഭാഗം ഒരു വലയം കണക്കെ നമുക്ക് കാണാനാകും. ഇതാണ് വലയ സൂര്യഗ്രഹണം.
ഗ്രഹണസമയം
ഡിസംബർ 26 രാവിലെ 8.05 മുതൽ 11.11 വരെ സൂര്യഗ്രഹണം നീണ്ടുനിൽക്കും. രാവിലെ എട്ടുമണിയോടെ കേരളത്തിൽ ഗ്രഹണം ആരംഭിക്കും. 9.25ന് ഉത്തരകേരളത്തിലും 9.30ന് ദക്ഷിണ കേരളത്തിലും പരമാവധി ഗ്രഹണം ദൃശ്യമാകും. 11 മണിയോടെ ഗ്രഹണം അവസാനിക്കും. ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തുന്നത് വിവിധ ഇടങ്ങളിൽ 9.26 മുതൽ 9.30 വരെ.
ഇനി എന്ന്?
കേരളത്തിൽ ഈ നൂറ്റാണ്ടിൽ 3 വലയ സൂര്യഗ്രഹണങ്ങൾ മാത്രമാണുള്ളത്. ആദ്യത്തേതു 2010 ജനുവരി 15നു തിരുവനന്തപുരം കേന്ദ്രീകരിച്ചു ദൃശ്യമായി. അവസാനത്തെ വലയഗ്രഹണം 2031 മേയ് 21ന് കോട്ടയം കേന്ദ്രമായി മധ്യകേരളത്തിൽ ദൃശ്യമാകും.