സി.ഐ.ടി.യുവില്‍ സംഘടനാ ദൗര്‍ബല്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ചില നേതാക്കള്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എസ്.ശര്‍മ്മയെ പേരെടുത്ത് വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ സംഘടനയുടെ അംഗത്വവര്‍ധന ലക്ഷ്യം കണ്ടില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോര്‍ട്ട് മനോരമ ന്യൂസിന് ലഭിച്ചു
സി.ഐ.ടി.യുവിന്റെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള അവലോകനം ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടിലാണ് ആത്മവിമര്‍ശനമുള്ളത്. സംഘടനയെ ചിട്ടപ്പെടുത്തുന്നതിന് ചില യൂണിയനുകള്‍ക്ക് കഴിഞ്ഞിട്ടില്ല. തൊഴിലാളികളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലും പോരായ്മകളുണ്ട്. സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന ചില നേതാക്കളുടെ പ്രവണതകള്‍ പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വതന്ത്ര പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ദൗര്‍ബല്യങ്ങള്‍ നിലനില്‍ക്കുകയാണ്.
മന്ത്രിമാര്‍ എന്ന നിലയില്‍ ടിപി രാമകൃഷ്ണനും എ.കെ ബാലനും ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്. എന്നാല്‍ ഭാരവാഹിയായിട്ടും ചുമതല നിര്‍വഹിക്കുന്നതില്‍ എസ്.ശര്‍മയ്ക്ക് പോരായ്മകളുണ്ടെന്ന കടുത്ത വിമര്‍ശനം റിപ്പോര്‍ട്ടിലുണ്ട്.
കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കിയ അശാസ്ത്രീയ പരിഷ്കാരങ്ങളില്‍ തൊഴിലാളികള്‍ അസംതൃപ്തരാണെന്നും ഇക്കാരണങ്ങളാലാണ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലംകാണാതെ പോവുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ ജില്ലാസെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ല എന്ന് അടിവരയിടുന്ന പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ മലബാര്‍ ജില്ലകളില്‍ കോഴിക്കോടിനും പാലക്കാടിനും ഒഴികെയും വിമര്‍ശനമുണ്ട്. സംസ്ഥാന നേതാക്കൾക്ക് പലർക്കും പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന ആത്മവിമര്‍ശനമാണ് അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്