ഇന്‍ഷുറന്‍സ് നടപടികളില്‍ അലംഭാവം കാണിക്കുന്ന സര്‍ക്കാരിനെതിരെ തുറന്ന പ്രതിഷേധത്തിലേക്ക് മരടില്‍ പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് ചുറ്റും താമസിക്കുന്നവര്‍. 50 മീറ്റര്‍ പരിധിക്കപ്പുറത്ത് ഇന്‍ഷുറന്‍സിന് സാധ്യതയില്ലെന്ന നിലപാട് അംഗീകരിക്കില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്.
അതിനിടെ പൊളിക്കുന്ന ഫ്ലാറ്റുകളോട് ചേര്‍ന്നുള്ള വീടുകള്‍ തകരാന്‍ സാധ്യതയുണ്ടെന്ന് ഇന്ന് ആല്‍ഫാ സെരിന്‍ ഫ്ലാറ്റിലെത്തിയ പൊളിക്കല്‍ കമ്പനി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
നിയന്ത്രിതസ്ഫോടനം നടത്താന്‍ ഇനി ഒരു മാസം മാത്രം ബാക്കി. മരടില്‍ ഫ്ലാറ്റുകള്‍ക്കു ചുറ്റും താമസിക്കുന്നവരുടെ നെഞ്ചിടിപ്പ് . പരിസരത്തുള്ള വീടുകളില്‍ വിള്ളലുകള്‍ കൂടുന്നു. ഭിത്തികളും കിണറുകളും ഇടിയുന്നു. ആശങ്കവേണ്ട എന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുമ്പോഴും ഇവിടെയെത്തുന്ന പൊളിക്കല്‍ കമ്പനി ഉദ്യോഗസ്ഥരുടെ വാക്കുകള്‍ ഇവരെ ഭയപ്പെടുത്തുകയാണ്.
എന്ത്സംഭവിച്ചാലും ജനുവരി 11നു തന്നെ ഫ്ലാറ്റില്‍ സ്ഫോടനം നടത്തും എന്ന നിലപാടുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്നതിലും അലംഭാവം തുടരുകയാണെന്നാരോപിച്ചാണ് പരിസരവാസികള്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്.
പുതിയ തീരുമാനപ്രകാരം 50 മീറ്റര്‍ ചുറ്റളവിലേക്ക് മാത്രമായി ഇന്‍ഷുറന്‍സ് ചുരുക്കി. ഈ പരിധിക്കുള്ളിലുള്ള വീടുകളില്‍ കെട്ടിട എന്‍ജിനിയര്‍മാര്‍ പരിശോധന നടത്തി. നിയന്ത്രിത സ്ഫോടനം നടത്തിയശേഷം ഈ വീടുകള്‍ വീണ്ടും പരിശോധിക്കും .ബലക്ഷയമോ വിള്ളലോ സംഭവിച്ചാല്‍ മാത്രം ഇന്‍ഷൂറന്‍സ് നല്‍കും. 50 മീറ്ററിനപ്പുറം ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രകമ്പന അളക്കും.
ഇതിന്റെ പ്രത്യാഘാതം എത്രദൂരം അനുഭവപ്പെടും എന്ന് കണക്കുകൂട്ടും. ആ ദൂരത്തിലുള്ള കെട്ടിടങ്ങള്‍ക്ക് മാത്രം എന്തെങ്കിലും സംഭവിച്ചാല്‍ മുഖവില അനുസരിച്ച് മാത്രം ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കും.. ജനങ്ങളെ അവഗണിച്ച് മുന്നോട്ടുപോയാല്‍ പൊളിക്കല്‍ തടയാനും മുന്നിട്ടിറങ്ങും എന്ന് പരിസരവാസികള്‍ പറയുന്നു.