പറളി: സ്കൂൾ കെട്ടിടം മുഴുവൻ വൈദ്യുതി പ്രവഹിച്ചിട്ടും അനക്കമില്ലാതെ അധികൃതർ. രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടൽ വൻദുരന്തം ഒഴിവാക്കി. എടത്തറ ഗവ. യുപി സ്കൂളിൽ നാലു ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അമിത വൈദ്യുതി പ്രവാഹമുണ്ടായത്. സ്കൂളിലെ മോട്ടറിലേക്കുള്ള വയർ കഴുക്കോലിൽ ചുറ്റിയെടുത്തത് ഉരുകിയതാണു വൈദ്യുതി പ്രവഹിക്കാനുണ്ടായ കാരണമെന്നാണു കരുതുന്നത്.
ജനലിൽ തൊടുമ്പോൾ കൈ തരിക്കുന്നതായി 10 ദിവസം മുൻപു വിദ്യാർഥികൾ അധ്യാപകരോടു പറഞ്ഞെങ്കിലും അവർ ഗൗരവത്തിലെടുത്തില്ല. ഞായറാഴ്ച യുവജന ക്ഷേമബോർഡും അഞ്ചാംമൈൽ സ്മാർട് ക്ലബും ചേർന്നു ശുചീകരണം നടത്തുന്നതിനിടെ പിടിഎ ഉപാധ്യക്ഷൻ ഇസ്മയിലിനു ഷോക്കേറ്റതോടെയാണു സംഭവത്തിന്റെ ഗൗരവം സ്കൂൾ അധികൃതർ മനസ്സിലാക്കിയത്.
ഇന്നലെ രാവിലെത്തന്നെ കെഎസ്ഇബി ജീവനക്കാരെത്തി കെട്ടിടത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. ഏറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിന്റെ കഴുക്കോലും പട്ടികയും ഇരുമ്പു കൊണ്ടാണു നിർമിച്ചിട്ടുള്ളത്. കുട്ടികൾ കഴുക്കോലിൽ കൈകൊണ്ടു തൂങ്ങിക്കളിക്കുക പതിവാണ്.
വിവരമറിഞ്ഞെത്തിയ രക്ഷിതാക്കൾ കുട്ടികളെ കെട്ടിടത്തിനടുത്തേക്കു പോകാൻ അനുവദിച്ചിരുന്നില്ല. അധ്യാപകരെത്തി ക്ലാസുകൾ മാറ്റി. അറ്റകുറ്റപ്പണി ആരംഭിച്ചു. ഇന്നലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതായിരുന്നു.