പലരുടെയും കല്യാണത്തിന്റെ ക്ഷണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പാട്ടും ഡാൻസും വേറിട്ട ആശയങ്ങളിലൂടെയും കല്യാണം അറിയിച്ചിരുന്നവർ ഇപ്പോൾ വൈറലാകാൻ സ്വീകരിക്കുന്ന മാർഗങ്ങൾ ട്രോളൻമാരും ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ കേരള പൊലീസിന്‍റെ മീഡിയ സെല്ലിന്‍റെ പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിനും വിഡിയോ ചിത്രീകരണത്തിനുമെതിരെ പൊലീസ് നൽകിയ നിർദേശം സദാചാര പൊലീസിന്റേത് പോലെ ആയിപ്പോയെന്നാണ് ഉയരുന്ന വിമർശനം.
സേവ് ദ ഡേറ്റ് ആയിക്കോളൂ... കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം ഇത് കാണുന്നുണ്ടെന്നായിരുന്നു പൊലീസ് മീഡിയ സെല്ലിന്‍റെ ഫേസ്ബുക്ക് പേജില്‍ ഗ്രാഫിക് കാര്‍ഡ് ഡിസൈന്‍ ചെയ്ത് പോസ്റ്റിട്ടത്. കേരളാ പൊലീസ്, കേരളാ പൊലീസ് ചീഫ് എന്നീ ടാഗും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. കേരളത്തിന്‍റെ സദാചാരം പൊലീസിന്‍റെ കൈകളില്‍ ഭദ്രമാണെന്ന വിമർശനവും ഉയർന്നിരുന്നു. ഇതോടെ പോസ്റ്റ് നീക്കം ചെയ്തു.