ചീരാൽ പണിക്കർ പടി മണ്ണിൽ എം.എസ്.ഗിരീഷ് നായ്ക്കളുമായി നടന്നെത്തിയത് കടുവയുടെ തൊട്ടടുത്ത്. നായ്ക്കൾ പിന്തിരിഞ്ഞോടിയപ്പോഴും ഗിരീഷ് അൽപ സമയം സ്തബ്ദനായി നിന്നു പോയി. പിന്നെയൊരു തിരിഞ്ഞോട്ടമായിരുന്നു.

 

സഹോദരൻ രാജേഷിന്റെ നായയെ കൊന്നു തിന്ന് കടുവ വിശ്രമിക്കുന്നത് നേരിൽ കണ്ട ഗിരീഷ് സംഭവം വിവരിക്കുന്നു;...

 

‘‘അനുജൻ രാജേഷിന്റെ വീട് എന്റെ വീടിന് തൊട്ടടുത്താണ്. കൂട്ടിൽ നിന്ന് അഴിച്ചു വിട്ട ലാബ്രഡോർ ഇനത്തിൽ പെട്ട നായയെ കാണുന്നില്ലെന്നും ഒന്നു അന്വേഷിക്കണമെന്നും അവൻ മിനിഞ്ഞാന്ന് വൈകിട്ട് എന്നെ ഫോൺ ചെയ്തു പറഞ്ഞു. ഞാൻ എന്റെ രണ്ടു നായ്ക്കളെയും കൂട്ടി വീടിനു പുറകിലുള്ള കാപ്പിത്തോട്ടത്തിലേക്ക് നടന്നു നോക്കി. 50 മീറ്റർ നടന്നതല്ലാതെ പിന്നെ നായ്ക്കൾ നടക്കുന്നില്ല. കുരയ്ക്കുക മാത്രമാണ് ചെയ്യുന്നത്.

 

ഇരുട്ടു വീഴുക കൂടി ചെയ്തതോടെ ഞാൻ തിരിച്ചു വീട്ടിലേക്ക് തിരിച്ചു പോന്നു. ഇന്നലെ രാവിലെ ഏഴിന് രണ്ടു നായ്ക്കളുമായി ഞാൻ വീണ്ടും തോട്ടത്തിലേക്ക് നടന്നു. തലേന്നത്തെ പോലെ തന്നെ അൽപദൂരം കഴിഞ്ഞപ്പോൾ നായ്ക്കൾ നിന്നു. ഞാൻ മുന്നോട്ടു പോകാൻ വീണ്ടും വീണ്ടും പറഞ്ഞപ്പോൾ നാലഞ്ചടി കൂടി പോയതല്ലാതെ മുന്നോട്ടു നീങ്ങിയില്ല.

 

ഒടുവിൽ കുരയും നിർത്തി. ഭയന്നതു പോലെ എന്റെ കാലുകളോട് ചേർന്ന് നിൽക്കുകയാണ് നായ്ക്കൾ രണ്ടും. അപ്പോഴാണ് കുറച്ചു മുൻപിലായി പുല്ലിൽ രക്തം കാണുന്നത്.എനിക്ക് പന്തികേട് തോന്നി.നായ്ക്കൾ മുന്നോട്ടു പോകാതായതോടെ സമീപത്തുള്ള ചെറിയ തിണ്ടിൽ നിന്ന് ഞാൻ താഴേക്ക് ചാടി. കാൽ മണ്ണിൽ അമർന്നതും മുന്നിലെ കാഴ്ച കണ്ട് ഞാൻ ഭയന്നു പോയി. സഹോദരന്റെ കാണാതായ നായ മുക്കാൽ ഭാഗവും ഭക്ഷിക്കപ്പെട്ട നിലയിലും കടുവ തൊട്ടടുത്തും കിടക്കുന്നു. തൊട്ടടുത്തേക്ക് ഞാൻ ചാടിയെത്തിയിട്ടും കടുവയ്ക്ക് ചെറിയ അനക്കം പോലും ഉണ്ടായില്ല. എന്നെത്തെന്നെ നോക്കിക്കൊണ്ടാണ് കടുവ കിടക്കുന്നത്.

 

തിരിഞ്ഞു നോക്കിയപ്പോൾ ഒപ്പമുണ്ടായിരുന്ന നായ്ക്കൾ രണ്ടും മൂളിക്കൊണ്ട് വീട്ടിലേക്കോടുന്നത് കണ്ടു. പിന്നെ ഞാനും നിന്നില്ല, ഓടി. പിന്നീട് വിവരമറിഞ്ഞാണ് എല്ലാവരും എത്തിയത്. ഫൊട്ടോഗ്രഫർ ജിതേഷ് എത്തിയാണ് കടുവയുടെ ചിത്രം പകർത്തിയത്. ആളുകൾ കൂടുതലെത്തിയതോടെ കടുവ പതിയെ നടന്നു മറയുകയായിരുന്നു’’.