‘വയനാട് പാമ്പ് കടിയേറ്റ്  മരണമടഞ്ഞ ഷെഹലയുടെ കണ്ണ് നയിപ്പിക്കുന്ന ഗാനം. ആ വരികൾ പോലെ ആയിപ്പോയല്ലോ മോളെ, 

കണ്ണുനീരിൽ കുതിർന്ന പ്രണാമം.....’

 

ഒരു വിദ്യാർഥിനി സ്കൂൾ വരാന്തയിൽ നിന്നുകൊണ്ട് പാടുന്ന വിഡിയോ ദൃശ്യത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വരികളാണിത്. ബത്തേരി സർവജന സ്കൂളിലെ ക്ലാസ് മുറിയിൽവച്ച് പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‌‌ലയാണിതെന്ന് കരുതി സമൂഹമാധ്യമങ്ങളില ഷെയറിങ് തുടർന്നു കൊണ്ടെയിരിക്കുന്നു. മുഖ സാദൃശ്യമുണ്ടെങ്കിലും ഈ കുട്ടി ഷെഹ് ലയല്ല. വയനാട് ജില്ലക്കാരി തന്നെയായ ചുണ്ടേൽ സ്വദേശി ഷഹ്‌‌ന ഷാജഹാനാണ്.

 

അഞ്ചുവർഷം മുൻപ് ചുണ്ടേൽ ആര്‍സിഎച്ച്എസ്എസിലെ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ അസംബ്ലിയിൽ ഷഹ്ന പാടിയതാണ് ഈ പാട്ട്. അധ്യാപകൻ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഫെയ്സ്ബുക്കിലിട്ടതോടെ പാട്ട് വൈറലായി. ആയിരക്കണക്കിനാളുകൾ പാട്ട് കണ്ടും കേട്ടും ആസ്വദിച്ചു. അങ്ങനെ ഷഹ്നയെ തേടി സംവിധായകൻ മേജർ രവി സ്കൂളിലെത്തി. അദ്ദേഹത്തിന്റെ സിനിമയിൽ പാടാനും അവസരം നൽകിയാണ് അന്ന് ചുരമിറങ്ങിയത്. 

 

നിലവിൽ വയനാട് മുട്ടിൽ  സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുയാണ് ഷഹ്ന. സമൂഹമാധ്യമങ്ങളിൽ പഴയ പാട്ട് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്ന വിവരം അധ്യാപകരാണ് ഷഹ് നയെ അറിയിച്ചത്. വ്യാജ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് ഷഹ്നയുടെ കുടുംബം.