റോഡ് അപകടങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്താണ് കേരളം. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഈ സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കാന്‍ കേരളം ഒരുക്കമല്ല. കഴിഞ്ഞവര്‍ഷം രാജ്യത്തുണ്ടായ നാലരലക്ഷം റോഡപകടങ്ങളില്‍ നാല്‍പതിനായിരവും കേരളത്തിലാണ്. 4303 പേരുടെ ജീവന്‍ നഷ്ടമായി. രാജ്യത്തെ എട്ടു ശതമാനം അപകടങ്ങളും കേരളത്തിലാണെന്നും കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു.
ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുമുള്ള മഹാരാഷ്ട്രയേക്കാല്‍ കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പതിമൂന്നാം സ്ഥാനത്തുള്ള കേരളത്തിലാണെന്നാണ് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം രാജ്യത്താകെയുണ്ടായത് നാലുലക്ഷത്തിന് അറുപത്തിയേഴായിരം അപകടങ്ങള്‍. അതില്‍ ജീവന്‍ നഷ്ടമായത് 151417 പേര്‍ക്ക്. പരുക്കേറ്റത് നാലുലക്ഷത്തിന് അറുപത്തിയൊന്‍പതിനായിരം പേര്‍ക്ക്. 2017നെ അപേക്ഷിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ശതമാനം കൂടിയപ്പോള്‍ പരുക്കേറ്റവരുടെ എണ്ണം 33 ശതമാനം കുറഞ്ഞു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ശരാശരി 1280 വാഹനാപകടങ്ങളും 415 മരണവുമാണ്. മണിക്കൂറില്‍ 53 അപകടങ്ങളും 17 മരണവും. അപകടങ്ങളുടെ ഒന്ന് മുതല്‍ നാലു വരെ സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപകടങ്ങള്‍ കുറഞ്ഞപ്പോള്‍ കേരളത്തില്‍ മാത്രമാണ് കൂടിയത്. 2017ല്‍ മുപ്പത്തിയെണ്ണായിരം അപകടങ്ങളാണ് കേരളത്തിലുണ്ടായതെങ്കില്‍ 2018ല്‍ ഇത് നാല്‍പതിനായിരമായി ഉയര്‍ന്നു. സംസ്ഥാനത്ത് 4303 പേരുടെ ജീവന്‍ നഷ്ടമായി. അപകടമരണങ്ങളുടെ 36ശതമാനവും ഇരുചക്രവാഹനങ്ങളില്‍ നിന്നാണ്. 2018ല്‍ മാത്രം 55336 പേരാണ് ഇരചുക്രഅപകടങ്ങളില്‍ മരണപ്പെട്ടത്. കാര്‍, ലോറി, ബസ് അപകടമരണങ്ങള്‍ കുറഞ്ഞപ്പോഴാണ് ഇരുചക്രഅപകടമരണം കൂടിയത്.