നാദാപുരത്തിന്റെ വേറിട്ട കാഴ്ചകള്‍ പ്രമേയമാക്കിയ ഹ്രസ്വചിത്രം പുറത്തിറങ്ങി. അക്രമരാഷ്ട്രീയത്തിന്റെ നാടെന്ന വിളിപ്പേരിനപ്പുറം നന്‍മ മാത്രം കൈമുതലായ ഒരുകൂട്ടമാളുകളുടെ അനുഭവം പറയുകയാണ് ചിത്രം. 'ഹൃദയത്തില്‍ തൊട്ട് നാദാപുര' ത്തിന്റെ ആദ്യപ്രദര്‍ശനം കെ.മുരളീധരന്‍ എം.പി നിര്‍വഹിച്ചു.
ഈ നാടിനെക്കുറിച്ച് പുറത്തറിയുന്നതെല്ലാം യാഥാര്‍ഥ്യമല്ല. സ്വസ്ഥമായി ജീവിക്കാന്‍ കഴിയാത്ത ഇടം. അക്രമരാഷ്ട്രീയത്തിന്റെ അതിപ്രസരം. ബോംബ് നിക്ഷേപത്തിന്റെ ആശങ്കകള്‍ വേറെ. നാദാപുരത്തിന്റെ ഉള്ളറിയാത്ത പലരും പ്രചരിപ്പിച്ചിരുന്നതല്ല സത്യമെന്ന് ചിത്രത്തിന്റെ പ്രമേയം പറയുന്നു. സഹായിക്കാന്‍ മനസുള്ളവര്‍. തളരുന്നവര്‍ക്ക് താങ്ങായി നില്‍ക്കാന്‍ ഏതടവും പയറ്റുന്നവര്‍. അങ്ങനെ മനസില്‍ നന്‍മ മാത്രം നിറയ്ക്കുന്ന ഒരുകൂട്ടം മനസുകളുടെ അനുഭവ കഥകളാണ് ഹൃദയത്തില്‍ തൊട്ട് നാദാപുരത്തിലുള്ളത്.
ഒരു വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ആദ്യപ്രദര്‍ശനം കണ്ടവര്‍ക്ക് ഇതാണ് യഥാര്‍ഥ നാദാപുരത്തിന്റെ മനസെന്ന ആത്മഗതം. ഒരുകൂട്ടം ചെറുപ്പക്കാരുടെ സമര്‍പ്പണമാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം യാഥാര്‍ഥ്യമാക്കിയത്. നിരവധി ഹ്രസ്വചിത്രങ്ങളുടെ ഉടമയായ ഫൈസല്‍ ഹുസൈനാണ് രചനയും, ക്യാമറയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.