അവര്‍ മാവോയിസ്റ്റെന്ന് വിളിച്ചു. ഞങ്ങള്‍ മാവോയിസ്റ്റുകളല്ലെന്ന് പറഞ്ഞപ്പോള്‍ വീണ്ടും വിളിച്ചു. ജയില്‍ ഉദ്യോഗസ്ഥരെ കുറിച്ച് അലന്‍ കോടതിയില്‍ ബോധിപ്പിച്ച പരാതിയാണിത്. വളരെ മോശമായാണ് ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും അലന്‍ പരാതി പറഞ്ഞു. യു.എ.പി.എ ചുമത്തപ്പെട്ട പ്രതികളുടെ മാവോയിസ്റ്റു ബന്ധം പൊലീസ് ഉറപ്പിക്കുമ്പോഴും മാവോയിസ്റ്റെന്ന പേര് ചാര്‍ത്തപ്പെടുന്നതിനെ പോലും പ്രതിരോധിക്കുകയാണ് പ്രതിയായ അലന്‍.
അലന്റെ വാക്കുകള്‍ വെള്ളപേപ്പറില്‍ കുറിച്ചെടുത്ത ജഡ്ജി അതില്‍ അലന്റെ ഒപ്പും വാങ്ങി. രണ്ടാം തിയ്യതിയാണ് അലനെയും താഹയെയും റിമാന്റ് ചെയ്യുന്നത്. അന്ന് രാത്രി ജയിലില്‍ ഭക്ഷണം നല്‍കിയില്ലെന്നും അലന്‍ പറഞ്ഞു. റിമാന്റ് െചയ്ത ശേഷം ഇന്നാണ് അലനെ കോടതിയില്‍ ഹാജരാക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കൊണ്ടുവരാനായിരുന്നു കോടതി ഉത്തരവ്. ഒന്നരയായി അലനെയും കൊണ്ട് പൊലീസ് സെഷന്‍സ് കോടതിയിലെത്തുമ്പോള് ശാന്തമായ കോടതി വരാന്തയിലൂടെ പുറമേ ശാന്തമെന്ന് തോന്നിക്കും വിധം അലന്‍ നടന്നു. പിതാവ് ശുഹൈബ് കോടതി മുറിക്ക് സമീപത്തെ ഇരുമ്പ് കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു, പൊലീസ് അകമ്പടിയോടെ നടക്കുന്നതിനിടയ്ക്കും ശുഹൈബിനെ കണ്ടപ്പോള്‍ അലന്‍ െതല്ലിട നിന്നു, കൈകൊടുത്തു.
ഉറച്ച ഹസ്തദാനമായിരുന്നു അത്, അച്ഛനും മകനും പരസ്പരം പിന്തുണയും പ്രതീക്ഷയും പകരുംവിധം കൈകുലുക്കി. കോടതി മുറിയില്‍ അലന്‍ തനിച്ചാണ്, താഹ ജയിലില്‍ പനിച്ചുകിടപ്പാണ്. താഹയെ രാവിലെ ബീച്ച് ജനറല്‍ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച് പരിശോധിപ്പിച്ചിരുന്നു. പനിയും മൂത്രത്തില്‍ കല്ലും കാരണം അസ്വാസ്ഥ്യം കലശലാണ്.
മെഡിക്കല്‍കോളജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കി. അലന്റെയും താഹയുടെയും കസ്റ്റഡി അപേക്ഷക്കെതിെര അഡ്വക്കറ്റ് ദിനേശ് ശക്തിയുക്തം വാദിക്കുന്നുണ്ടായിരുന്നു, വ്യാജ ആരോപണം തെളിയിക്കാന്‍ പൊലീസ് തെളിവുകള്‍ കെട്ടിചമയ്ക്കുകയാണെന്നും ഇന്‍ക്യാമറ ചോദ്യം ചെയ്യല്‍വേണമെന്നും അദേഹം പറഞ്ഞു.
കോടതി പക്ഷെ അക്കാര്യം മുഖവിലയ്ക്കെടുത്തില്ല. കസ്റ്റഡിയില്‍ വിട്ടുകൊണ്ട് വിധിക്കും മുമ്പ് പ്രതിക്ക് കോടതി മുമ്പാകെ എന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടോയെന്ന് ജഡ്ജി ചോദിച്ചു. അപ്പോഴായിരുന്നു അലന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പുറത്തിറങ്ങിയ ശേഷവും ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ അലന്‍ പൊട്ടിത്തെറിച്ചു.കേസ് തെളിയിക്കാന്‍ പൊലീസ് വ്യാജ തെളിവുണ്ടാക്കുകയാണെന്നും പഴയ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കാണിച്ച് ഭീകരവാദിയായി ചിത്രീകരിക്കുകയാണെന്നും അലന്‍ പറഞ്ഞു. മൂന്ന് ദിവസത്തേക്കാണ് കോടതി അലനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. നാളെ താഹയുടെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും.