vattiyoorkavu

 

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സി.പി.എം– ബി.ജെ.പി സംഘര്‍ഷം തുടരുന്നു. സി.പി.എം ഏരിയ സെക്രട്ടറിയുടെയും ബി.ജെ.പി ഏരിയ പ്രസിഡന്റിന്റെയും വീടുകള്‍ക്ക് നേരെ ആക്രമണം. പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമായി.

 

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വട്ടിയൂര്‍ക്കാവ് സംഘര്‍ഷ ഭരിതമാകുന്നത്. ഇന്നലെ രാത്രിയില്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സ്ഥലത്തെ ഏറ്റവും പ്രധാന നേതാക്കളുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണമാണ് ഏറ്റവും ഒടുവിലത്തേത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് ബി.ജെ.പി നെട്ടയം ഏരിയാ പ്രസിഡന്റ് സുനിലിന്റെ വീട് ബൈക്കിലെത്തിയ സംഘം അക്രമിച്ചത്. സുനില്‍ വീട്ടിലുണ്ടായിരുന്നില്ല.

 

രണ്ട് മണിയോടെ സി.പി.എം പാളയം ഏരിയാ സെക്രട്ടറി പ്രസന്നന്റെ വീടിന് നേരെ കല്ലേറുണ്ടായി.ഞായറാഴ്ചയാണ് സംഘര്‍ഷത്തിന് തുടക്കമായത്. മണികണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഡിവൈ.എഫ്.ഐ കൊടി ആര്‍.എസ്.എസ് തകര്‍ത്തെന്ന് ആരോപിച്ച് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടി. ഇന്നലെ അതില്‍ പ്രതിഷേധിച്ച് ഡിവൈ.എഫ്.ഐ നടത്തിയ മാര്‍ച്ചിനിടയിലും സംഘര്‍ഷമുണ്ടായി. ഉന്നത നേതാക്കളിടപെട്ട് പ്രശ്നം പരിഹരിച്ചില്ലങ്കില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്കയാണ് ശക്തമാകുന്നത്.