രണ്ടുവർഷത്തിനിടെ മന്ത്രി എം.എം. മണിയുടെ ഔദ്യോഗിക വാഹനത്തിന് 34 ടയറുകൾ മാറ്റി എന്ന വിവരാവകാശരേഖ പുറത്തുവന്നതിന് പിന്നാലെ ആരംഭിച്ച വിവാദം കനക്കുകയാണ്. കെഎല്‍ 01 CB 8340 എന്ന, എം.എം മണിയുടെ ഒൗദ്യോഗിക വാഹനത്തിന് ഒരു മാസം ഒരു ടയർ എന്ന കണക്കിനാണ് മാറിയത്. കണക്കുവച്ചു നോക്കിയാല്‍ രണ്ടു ടയര്‍ ഒന്‍പതു തവണയും മറ്റു രണ്ടെണ്ണം എട്ടു തവണയും മാറ്റി. പതിനാറ് ഇഞ്ച് ടയറിന്റെ ഏകദേശ വില 10000 രൂപ മുതൽ 13000 രൂപ വരെയാണ്. അങ്ങനെ കണക്കൂട്ടിയാൽ 34 ടയറുകൾ മാറ്റാൻ 3.4 ലക്ഷം രൂപ ചെലവാകും.
മണിയാശാന്റെ ഇന്നോവയുടെ സർവീസ് കണക്കുകൾ നോക്കാം
ഇന്നോവ ക്രിസ്റ്റയുടെ ഉയർന്ന വകഭേദമായ 2.4 ഇസഡ് മാനുവൽ പതിപ്പാണ് എം.എം. മണി ഉപയോഗിക്കുന്നത്. വാഹനത്തിന്റെ ഇപ്പോഴത്തെ തിരുവനന്തപുരം എക്സ്ഷോറൂം വില 21.26 ലക്ഷം (രണ്ടു വർഷം മുമ്പ് വാഹനം എടുത്ത സമയത്ത് വില അൽപം കുറവാകാനാണ് സാധ്യത). 215/55/ആർ 17 ഇഞ്ച് അലോയ് വീലുകളാണ് ഇന്നോവ ക്രിസ്റ്റയുടെ ഉയർന്ന വകഭേദത്തിൽ വരുന്നതെങ്കിലും 2017 ലെ ചില മോഡലുകളിൽ അത് 205/ 65/ആർ/16 വീലുകളാണ്. ആ മോഡലായിരിക്കാം എംഎം മണിയുടെ ഇന്നോവ. സാധാരണയായി ഇന്നോവയുടെ ടയറുകൾ ചുരുങ്ങിയത് 40000 കിലോമീറ്റർ എങ്കിലും ഓടും. 60000 കിലോമീറ്ററിൽ അധികം ഓടിയ ടാക്സികളുമുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച ടയറുകളിലൊന്നായ ബ്രിഡ്ജ്സ്റ്റോണാണ് ക്രിസ്റ്റയുടെ ഉയർന്ന വകഭേദത്തിൽ വരുന്നത്. അതിനാലാണ് ഏറ്റവും ചുരുങ്ങിയത് 40000 കിലോമീറ്റെങ്കിലും അത് ഓടും എന്നു കമ്പനി പറയുന്നത്. അല്ലെങ്കിൽ വാഹനത്തിൽ കാര്യമായ അലൈൻമെന്റ് തകരാറുകൾ ഉണ്ടാകും. എന്നാൽ ഈ ഇന്നോവയുടെ സർവീസ് ഹിസ്റ്ററി പ്രകാരം അത്തരത്തിലൊരു പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഈ മാസം 10–ാം തീയതിയാണ് ഇന്നോവ അവസാനമായി സർവീസ് നടത്തിയത്. അന്നത്തെ ഓഡോമീറ്റർ റീഡിങ് 122230 കിലോമീറ്റർ. 1.17 കിലോമീറ്ററിൽ ഇന്നോവയുടെ ടയർ ഷോറൂമിൽനിന്ന് മാറ്റിയിട്ടുണ്ട്. യോക്കോഹോമയുടെ 235/60/ആർ16 ടയറുകളാണ് ഉപയോഗിച്ചത് (ഏകദേശം 15000 രൂപ വില വരും വലുപ്പം കൂടിയ ഈ ടയറിന്). അതിൽ തന്നെ നിയമലംഘനമുണ്ട്, കമ്പനി സൈസിലല്ലാതെ വലിയ ടയറുകൾ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം, അതുകൊണ്ട് മോഡിഫിക്കേഷനായി കണക്കാക്കാം.
ഇനി ടയർ മാറ്റത്തിന്റെ കാര്യം നോക്കാം. നാലു ടയറുകളും സ്പെയറും ഉൾപ്പെടെയാണ് മാറ്റിയതെന്നു കരുതുക. മൊത്തം 34 ടയറുകൾ മാറി എന്നത് ഏഴു പ്രാവശ്യം സ്പെയർ ടയർ ഉൾപ്പെടെ എല്ലാ ടയറുകളും മാറ്റി എന്നു കരുതാം. അങ്ങനെയാണെങ്കിൽ മൊത്തം 280000 കിലോമീറ്റർ എങ്കിലും കുറഞ്ഞത് രണ്ട് വർഷം കൊണ്ട് ഓടണം. അതായത് ദിവസവും 390 കിലോമീറ്റർ. എന്നാൽ ഇന്നോവ ഓടിയത് 1.22 ലക്ഷം കിലോമീറ്റാണ്. അതായത് ടയർ മാറ്റിയത് ഓരോ 15000 കിലോമീറ്റിലും!. ടയർ മാറ്റത്തിലല്ല, സർവീസിലും എം.എം. മണിയുടെ ഇന്നോവ മുന്നിലാണ്.
ഓരോ 5000 കിലോമീറ്ററിലും ജനറൽ ചെക്കപ്പും 10000 കിലോമീറ്ററിൽ ഓയിൽ ചെയിഞ്ചും 40000 കിലോമീറ്ററിൽ മേജർ സർവീസുമാണ് കമ്പനി പറയുന്നത്. 2018ൽ ഏകദേശം 50000 കിലോമീറ്റാണ് വാഹനം ഓടിയിരിക്കുന്നത്. 2018 ലെ ആദ്യ സർവീസ് 44000 കിലോമീറ്റിൽ ആയിരുന്നു. അതുകൂടി ഉൾപ്പെട്ടാൽ 2018 ല്‍ 21 പ്രാവശ്യം ഇന്നോവ ടൊയോട്ടയുടെ സർവീസ് സെന്റർ സന്ദർശിച്ചിട്ടുണ്ട്. 2019ൽ ജനുവരിയിലായിരുന്നു ആ വർഷത്തെ ആദ്യ സർവീസ്. 94000 കിലോമീറ്ററിലായിരുന്നു അത്. അതിനു ശേഷം ഏകദേശം 16 പ്രാവശ്യം സർവീസ് സെന്ററുകളിൽ എത്തിയിട്ടുണ്ട്. അവസാനം എത്തിയത് ഒക്ടോബർ 10ന്– കിലോമീറ്റർ 1.22 ലക്ഷം.