KOCHI 2016 OCTOBER 26 : Plastic wastes sorting inside Brahmapuram plant @ Josekutty Panackal


ഖരമാലിന്യ സംസ്കരണത്തില്‍ വീഴ്ചവരുത്തിയതിന് കൊച്ചിനഗരസഭയ്ക്ക് പത്തുകോടി അഞ്ചുലക്ഷംരൂപ പിഴ. 2016ലെ ഖരമാലിന്യ സംസ്കരണ നിയമം ലംഘിച്ചുവെന്ന് അക്കമിട്ട് നിരത്തി മലിനീരണ നിയന്ത്രണബോര്‍ഡാണ് പിഴ ചുമത്തിയത്. മാലിന്യ സംസ്കരണത്തില്‍ നഗരസഭ നിരന്തര വീഴ്ചവരുത്തിയെന്നും ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് പിഴയൊടുക്കാന്‍ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി.

 

ഏപ്രില്‍ മുതല്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കൊച്ചി നഗരസഭയ്ക്കെതിരെ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നടപടി. 

ബ്രഹ്മപുരത്തെ പ്ളാന്റിന് അംഗീകാരം നല്‍കിയിട്ടില്ലെന്നുകൂടി വ്യക്തമാക്കിയാണ് ബോര്‍ഡ് പത്തുകോടി അഞ്ചുലക്ഷം രൂപയുടെ പിഴചുമത്തിയതും. 

മാലിന്യസംസ്കരണത്തിന് നഗരസഭ കാര്യക്ഷമമായ നടപടികളൊന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈക്കൊണ്ടിട്ടില്ല. ഇതെല്ലാം കണക്കിലെടുത്താണ് പരിസ്ഥിതിക്കുണ്ടായ കോട്ടത്തിന്  പിഴയിട്ടതും. അടുത്ത എട്ടിന് സ്വന്തംഭാഗം വിശദീകരിക്കാന്‍ നഗരസഭയ്ക്ക് ബോര്‍ഡ് അവസരം നല്‍കിയിട്ടുമുണ്ട്. ഇതിനിടെയാണ് ഭരണപക്ഷത്തിന്റെ കെടുകാര്യസ്ഥത ആരോപിച്ച് പ്രതിപക്ഷം എത്തിയതും.

 

നഗരത്തിലെ വെള്ളക്കെട്ടിന് ഹൈക്കോടതിയില്‍നിന്നുണ്ടായ ശക്തമായ വിമര്‍ശനത്തിന് പിന്നാലെയാണ് എന്നും പ്രതിസന്ധിയുണ്ടാക്കിയ ഖരമാലിന്യസംസ്കരണത്തില്‍ നഗരസഭ ചോദ്യംനേരിടുന്നതും. തദ്ദേശതിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരുവര്‍ഷം മാത്രം ശേഷിക്കെ ഈ വിഷയം സജീവമായി നിലനിര്‍ത്തി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.