പെരുമഴയിൽ മുങ്ങി കുറവിലങ്ങാടും പരിസര ഗ്രാമങ്ങളും. ഒരാഴ്ചയിൽ 4 തവണ മിന്നൽ പ്രളയം ഉണ്ടായ കുറവിലങ്ങാട് ടൗൺ ഉൾപ്പെടെ മേഖലയിലെ മിക്ക പഞ്ചായത്തുകളും ഇന്നലെ വെള്ളത്തിൽ മുങ്ങി. ഒന്നാം നമ്പർ സംസ്ഥാന പാതയായ എംസി റോഡ് ഉൾപ്പെടെ അനവധി റോഡുകളിൽ വെള്ളം കയറി. മണിക്കൂറുകളോളം ഗതാഗതം നിലച്ചു. വിദ്യാലയങ്ങൾക്കു അവധി നൽകി. ബസ് സർവീസുകൾ നിലച്ചു. വീടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ വെള്ളം കയറി. ഏക്കർ കണക്കിനു പ്രദേശത്തെ കൃഷി നശിച്ചു. വെളിയന്നൂർ പഞ്ചായത്തിലെ അരീക്കരയിൽ കർഷകർ നോക്കി നിൽക്കെ ഏക്കർ കണക്കിനു പ്രദേശത്തെ മരച്ചീനി കൃഷി കുത്തൊഴുക്കിൽ ചുവടോടെ ഒലിച്ചു പോയി. ഇന്നലെ പുലർച്ചെ മുതൽ 11.30 വരെയാണ് ശക്തമായ മഴ പെയ്തത്. തുടർന്നു മഴയുടെ കരുത്ത് കുറഞ്ഞു. മിന്നൽ പ്രളയം ഓരോ മേഖലയിലും ഇങ്ങനെ.
ഉഴവൂർ–വെളിയന്നൂർ റോഡിൽ അരീക്കര ടൗണിൽ വെള്ളം കയറി. അരീക്കര പബ്ലിക് ലൈബ്രറി, അരീക്കര–പുതുവേലി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. പാറത്തോട്ടിൽ ജോയിയുടെ വീട്ടിലും വെള്ളം കയറി. അരീക്കര, വെളിയന്നൂർ മേഖലകളിലെ ഏക്കർ കണക്കിനു കൃഷി നശിച്ചു. മരച്ചീനി, ഏത്തവാഴ കൃഷികൾക്കു വ്യാപക നാശം.
ഉഴവൂർ
ടൗണിൽ ചേറ്റുകുളം–മോനിപ്പള്ളി റോഡ് പൂർണമായി മുങ്ങി. റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കു വെള്ളം ഇരച്ചു കയറി. വെളിയന്നൂർ റോഡിൽ പാറക്കുടി ഭാഗത്ത് വലിയ വെള്ളക്കെട്ട്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മണിക്കൂറുകളോളം ഗതാഗതം മന്ദഗതിയിലായി. ചെത്തിമറ്റം കവലയിൽ വെള്ളക്കെട്ട്. ചെത്തിമറ്റം തെക്കേ കാരകുന്നത്ത് സണ്ണി ജോസഫിന്റെ വീട്ടിൽ വെള്ളം കയറി.
മരങ്ങാട്ടുപിള്ളി
മരങ്ങാട്ടുപിള്ളി– കടപ്ലാമറ്റം റോഡിൽ മുക്കട പാലം മുതൽ വലിയമരുത് വരെ കനത്ത വെള്ളക്കെട്ട്. ഗതാഗതം പൂർണമായി നിലച്ചു. കെ. ആർ. നാരായണൻ റോഡിൽ കുറിച്ചിത്താനം കവലയ്ക്കു സമീപം ആടിയാനി പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. പാലം അപകടനിലയിലാണ്. ഇതുവഴി ഗതാഗതം ഭാഗികമായി നിരോധിച്ചു. കുറിച്ചിത്താനം സെന്റ് തോമസ് പള്ളിയുടെ സമീപം, ശ്രീധരിക്കവല, ചെത്തിമറ്റം കവല എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ട്. ആണ്ടൂർ, കോഴിക്കൊമ്പ് എന്നിവിടങ്ങളിൽ കോഴാ– പാലാ റോഡിലേക്കു വെള്ളം ഇരച്ചു കയറി. കെ. ആർ. നാരായണൻ റോഡ് തകർന്നു. ആണ്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ വെള്ളം കയറി. മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ ഏക്കർ കണക്കിനു പ്രദേശത്തു കൃഷി നാശം.
കുര്യനാട്
എംസി റോഡ്, കുര്യനാട്–ഉഴവൂർ റോഡ് എന്നിവിടങ്ങളിൽ പെരുമഴയിൽ മണിക്കൂറുകൾ നീണ്ട വെള്ളക്കെട്ട്. എംസി റോഡിലെ ഗതാഗതം പൂർണമായി നിലച്ചു. വാഹനങ്ങൾ തിരിച്ചു വിട്ടു. നാട്ടുകാരുടെ ഇടപെടലിൽ ദുരിതത്തിന്റെ വ്യാപ്തി കുറഞ്ഞു. കുര്യനാട്–ഉഴവൂർ റോഡിൽ തോട് കരകവിഞ്ഞ് വെള്ളം റോഡിലേക്കും കൃഷി സ്ഥലങ്ങളിലേക്കും കയറി. കൊരട്ടിയിൽ ശുദ്ധജല പദ്ധതിയുടെ കിണർ പൂർണമായി വെള്ളത്തിനടിയിലായി. കുര്യനാട് ഓലിക്കൽ ബേബി, ശാന്തിഭവൻ പാപ്പച്ചൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. കുര്യനാട് കവലയിലെ കടകളിൽ വെള്ളം കയറി. ഏക്കർ കണക്കിനു പ്രദേശത്തെ കൃഷി വെള്ളം കയറി നശിച്ചു.
കുറവിലങ്ങാട്, വെമ്പള്ളി
എംസി റോഡിൽ കുറവിലങ്ങാട് പള്ളിക്കവലയിൽ ഇന്നലെ രാവിലെ വെള്ളക്കെട്ട്. ഗതാഗതം മുടങ്ങിയില്ല. വലിയ തോടും എംവിഐപി കനാലും കര കവിഞ്ഞു. കോഴാ, ഇടയാലി ഭാഗങ്ങളിൽ വെള്ളക്കെട്ട്. പാടങ്ങളും തോടുകളും നിറഞ്ഞു. വെമ്പള്ളിയിൽ പല സ്ഥലത്തും വെള്ളക്കെട്ട്. വെമ്പള്ളി കുടുംബക്ഷേമ കേന്ദ്രം. സമീപത്തുള്ള അടവിച്ചിറ ജോസിന്റെ വീട് എന്നിവിടങ്ങളിൽ വെള്ളം കയറി. കുര്യം, കാളികാവ്, കളത്തൂർ, കുറവിലങ്ങാട് മേഖലകളിൽ പച്ചക്കറിക്കൃഷി വെള്ളത്തിൽ