ramanthali-web

തീരദേശ പരിപാലന അതോറിറ്റിയുടെ പരിഷ്‌ക്കരിച്ച ഭൂപടത്തിൽ നിന്നും കണ്ണൂരിലെ രാമന്തളി പഞ്ചായത്തിനെ ഒഴിവാക്കി. 2013 മുതൽ പഞ്ചായത്തിന് ലഭിച്ചുവരുന്ന കായൽ ദ്വീപ് എന്ന പരിഗണനയാണ് നഷ്ടമായത്. ഇതോടെ നിർമാണ പ്രവർത്തനങ്ങൾക്കടക്കം ലഭിച്ചിരുന്ന ആനുകൂല്യങ്ങളും ഇല്ലാതാകും.

പഞ്ചായത്ത് അധികൃതർ പോലും അറിയാതെയാണ് കോസ്റ്റൽ സോൺ മാനേജ്‌മന്റ് പ്രസിദ്ധീകരിച്ച രൂപരേഖയിൽ നിന്ന് രാമന്തളിയെ നീക്കിയത്. പുഴ, കായൽ, കടൽ എന്നിവയാൽ ചുറ്റപ്പെട്ട  പ്രത്യേക ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ കായൽ ദ്വീപുകൾക്ക് നൽകുന്ന പ്രത്യേക പരിഗണനകളെല്ലാം രാമന്തളിക്കും നൽകിയിരുന്നു. നിർമാണപ്രവർത്തനങ്ങൾക്ക്  CRZ ന് കീഴിലുള്ള അനുകൂല്യങ്ങളും ലഭിച്ചിരുന്നു. കായൽ ദ്വീപ് പരിഗണന ലഭിച്ചതോടെ  വീട് നിർമാണത്തിനുള്ള ദൂരപരിധി കായലിൽ നിന്നും  അമ്പതു മീറ്റർ  മാത്രമായി. എന്നാലിപ്പോൾ അത് വീണ്ടും നൂറുമീറ്ററായി ഉയർന്നു. അമ്പത് മീറ്റർ വിട്ട് വീടെടുക്കാൻ സ്ഥലമെടുത്തവരും നിർമാണ പ്രവൃത്തി തുടങ്ങിയവരുമെല്ലാം ഇപ്പോൾ നിയമക്കുരുക്കിൽ  പെട്ടിരിക്കയാണ്. നിരവധി പേർ പരാതിയുമായെത്തി. പഞ്ചായത്തുപോലും അറിയാതെ  എടുത്തുകളഞ്ഞ കായൽ ദ്വീപ്  പദവി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തീരദേശ പരിപാലന അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ് പഞ്ചായത്ത്‌ അധികൃതർ.കണ്ണൂർ ജില്ലയിൽ ധർമടം പഞ്ചായത്തിനും കവ്വായി ദ്വീപിനും മാത്രമാണ് ഇപ്പോൾ ഈ പദവിയുള്ളത്.