കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി റോജോ തോമസും റെഞ്ചി തോമസും. സഹോദരൻ റോയി തോമസിന്റെ മക്കളാണ് റോമോയും റൊണാൾഡും. തങ്ങൾ എവിടെയുണ്ടോ അവിടെ ഞങ്ങളോടൊപ്പം അവരും ഉണ്ടാകുമെന്നും ഇരുവരും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

 

അച്ഛനും അമ്മയും ഇല്ലാത്തതിന്റെ ഒരു വിഷമവും അവർ അനുഭവിക്കേണ്ടി വരില്ല. കുട്ടികളുടെ പഠനത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. മൂത്തമകന്‍ റോമൊ ഷിംലയില്‍ കോളേജില്‍ പഠിക്കുകയാണ്. നവംബര്‍ ആദ്യ ആഴ്ചയില്‍ റോമോ പഠനത്തിനായി ഷിംലയിലേക്ക് തിരികെ പോകും. ഇളയ മകന്‍ റൊണാള്‍ഡ് താമരശ്ശേരിയില്‍ സിബിഎസ്ഇ സ്‌കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയാണ്. അവന് ഹോസ്റ്റലില്‍ നിന്ന് പഠനം തുടരണോ, ഹോം ട്യൂഷന്‍ ഏര്‍പ്പാടാക്കണോ തുടങ്ങിയ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും രഞ്ജി പറഞ്ഞു. 

 

കൂടത്തായി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുമ്പോൾ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നുവെന്ന് പരാതിക്കാരായ റോജോയും സഹോദരി റെഞ്ചിയും. കുടുംബത്തിൽ നിന്നുപോലും തങ്ങളെ പിന്തുണക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും ഇരുവരും പറഞ്ഞു. 

 

അതേസമയം ജോളിക്കുമേൽ തന്ത്രപൂർവം കരുക്കുകൾ മുറുക്കി അന്വേഷണ സംഘം. 15 ദിവസ റിമാൻഡ് കാലാവധി നാളെ കഴിയുന്നതിനാൽ റോയ് വധക്കേസിൽ ഇനി കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാങ്കേതിക തടസ്സമുണ്ട്. ഇതു മറികടക്കാനായാണ് പുതിയ കേസിലെ അറസ്റ്റ് നീക്കം. മറ്റ് 5 കൊലക്കേസിലും നേരത്തേതന്നെ അറസ്റ്റ് ചെയ്യാമായിരുന്നെങ്കിലും പരമാവധി സമയം ജോളിയെ ചോദ്യംചെയ്യലിനു വിട്ടുകിട്ടാനാണ് ശ്രമം.

 

റോയ് വധക്കേസിലെ അറസ്റ്റിനു ശേഷമാണ് ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ മരണത്തിൽ കോടഞ്ചേരി പൊലീസും സിലിയുടെ മരണത്തിൽ താമരശ്ശേരി പൊലീസും എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇതിൽ ഏതു കേസിൽ ആദ്യം അറസ്റ്റ് വേണമെന്ന കൂടിയാലോചന ഏറെ നടന്നു. ഏറ്റവും ഒടുവിൽ നടന്ന മരണം, സഹോദരൻ ഉൾപ്പെടെ സാക്ഷികളുടെ സാന്നിധ്യം, പ്രതിയുടെ സാന്നിധ്യത്തിന് സംശയാതീതമായ തെളിവ് തുടങ്ങിയവ പരിഗണിച്ച് സിലിയുടെ കേസ് ആദ്യമാക്കാൻ തീരുമാനിക്കുകയായിരുന്നു.