കൂടത്തായി കൊലക്കേസ് പ്രതി ജോളിക്കുമേൽ തന്ത്രപൂർവം കരുക്കുകൾ മുറുക്കി അന്വേഷണ സംഘം. 15 ദിവസ റിമാൻഡ് കാലാവധി നാളെ കഴിയുന്നതിനാൽ റോയ് വധക്കേസിൽ ഇനി കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാങ്കേതിക തടസ്സമുണ്ട്. ഇതു മറികടക്കാനായാണ് പുതിയ കേസിലെ അറസ്റ്റ് നീക്കം. മറ്റ് 5 കൊലക്കേസിലും നേരത്തേതന്നെ അറസ്റ്റ് ചെയ്യാമായിരുന്നെങ്കിലും പരമാവധി സമയം ജോളിയെ ചോദ്യംചെയ്യലിനു വിട്ടുകിട്ടാനാണ് ശ്രമം.
റോയ് വധക്കേസിലെ അറസ്റ്റിനു ശേഷമാണ് ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ മരണത്തിൽ കോടഞ്ചേരി പൊലീസും സിലിയുടെ മരണത്തിൽ താമരശ്ശേരി പൊലീസും എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇതിൽ ഏതു കേസിൽ ആദ്യം അറസ്റ്റ് വേണമെന്ന കൂടിയാലോചന ഏറെ നടന്നു. ഏറ്റവും ഒടുവിൽ നടന്ന മരണം, സഹോദരൻ ഉൾപ്പെടെ സാക്ഷികളുടെ സാന്നിധ്യം, പ്രതിയുടെ സാന്നിധ്യത്തിന് സംശയാതീതമായ തെളിവ് തുടങ്ങിയവ പരിഗണിച്ച് സിലിയുടെ കേസ് ആദ്യമാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനു മുന്നോടിയായി പൊന്നാമറ്റം ഷാജുവിനെയും പിതാവ് സഖറിയാസിനെയും ദിവസങ്ങളോളം ചോദ്യം ചെയ്യുകയും ചെയ്തു. സിലി വധക്കേസിൽ എം.എസ്.മാത്യുവിനെയും പ്രജികുമാറിനെയും തൽക്കാലം അറസ്റ്റ് ചെയ്യുന്നില്ല. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. കോസ്റ്റൽ എസ്എച്ച്ഒ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് ഈ കേസിന്റെ ചുമതല.
മാത്യുവിന്റെ ജാമ്യാപേക്ഷ ഇന്നലെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി–2ൽ വന്നെങ്കിലും നാളത്തേക്കു മാറ്റുകയായിരുന്നു. ജോളിയുടെയും പ്രജികുമാറിന്റെയും ജാമ്യാപേക്ഷയും ഇതോടൊപ്പം വരും. മജിസ്ട്രേട്ട് കോടതി മുൻസിഫ് കോടതികൂടിയാക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങ് നാളെ നടക്കാനുള്ളതിനാൽ ഇന്നുതന്നെ ജാമ്യാപേക്ഷ പരിഗണിക്കാനും സാധ്യതയുണ്ട്.