തന്നെ അപമാനിച്ച സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്യു മലപ്പുറം മുൻ ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി. താനുൾപ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്നു വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നൻമമരത്തിന് യോജിച്ചതല്ല വിഡിയോയിലുള്ള വാക്കുകളെന്നും ജസ്ല പറയുന്നു.
ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസ് ജസ്ലെക്കെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്ല വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫിറോസിന്റെ വേശ്യ പരാമർശം.
പേര് എടുത്തുപറയാതെയായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ ഫെയ്സ്ബുക്ക് ലൈവ്. മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തിരുന്നു. സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർക്ക് തനിക്കെതിരെ ശബ്ദിക്കാൻ എന്തുയോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാൽ തനിക്ക് ഒരു ചുക്കും സംഭവിച്ചാൽ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്.
ഫിറോസിനെതിരെ ഫെയ്സ്ബുക്ക് ലൈവിലൂടെ തന്നെയാണ് ജസ്ല മറുപടി നൽകിയത്. തനിക്ക് നിരവധി പേരുടെ പിന്തുണയുണ്ടെന്നും ഫിറോസ് വ്യക്തമായ ഓഡിറ്റിങ്ങിന് വിധേയമാകുമെന്നും ജസ്ല വിഡിയോയിൽ പറയുന്നു. ഫിറോസിന് രാഷ്ട്രീയം പാടില്ലെന്ന് പറയുന്നില്ല. പക്ഷേ വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമാകുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുമെന്നും ജസ്ല കൂട്ടിച്ചേർക്കുന്നു.
സംഭവത്തിൽ ഇരുവരുടെയും പക്ഷം ചേർന്നും വിമർശിച്ചും സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.