നാല് റൗണ്ട് നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളി കുറ്റസമ്മതം നടത്തിയത്. തെളിവുശേഖരണത്തിന്റെ ഭാഗമായി കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം പകൽ മുഴുവൻ ജോളിയെയും ഭര്‍ത്താവ് ഷാജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. മരണവുമായി ഒരു ബന്ധവുമില്ലെന്ന നിലപാട് ജോളി ഓരോ വട്ടവും ആവർത്തിച്ചു.
എന്നാൽ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും നിരത്തിയുള്ള നാലാമത്തെ ചോദ്യം ചെയ്യലിനൊടുവിൽ ജോളി കുറ്റം സമ്മതിച്ചു. അന്വേഷണ സംഘത്തിനു മുന്നിൽ തലകുമ്പിട്ടിരുന്നു. 5ന് കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചോദ്യം ചെയ്യലിലായിരുന്നു ഈ കുറ്റസമ്മതം.
സ്പെഷൽ ബ്രാഞ്ച് എസ്ഐയുടെ നേതൃത്വത്തിലും പിന്നീട് പൊലീസ് അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലും നടന്ന ചോദ്യം ചെയ്യലിൽ മരണങ്ങളുമായി ഒരു ബന്ധവുമില്ലെന്ന നിലപാടിലായിരുന്നു ജോളി. ഭർത്താവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ മരിക്കുമ്പോൾ അടുത്തുണ്ടാകുന്നത് സ്വാഭാവികമല്ലേ എന്നായിരുന്നു ജോളിയുടെ ചോദ്യം. എന്നാൽ എൻഐടിയിൽ അധ്യാപികയാണ് എന്നു പറഞ്ഞതു കളവാണെന്നു ജോളി ആദ്യത്തെ തവണ തന്നെ സമ്മതിച്ചു.
മൂന്നാം തവണ ചോദ്യം ചെയ്യലിനു നേതൃത്വം നൽകിയത് അന്വേഷണ സംഘത്തലവനായ റൂറൽ എസ്പി കെ.ജി.സൈമണായിരുന്നു. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ, ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ടു നുണപരിശോധനയ്ക്കു വിധേയയാകാൻ സമ്മതമാണോ എന്ന് എസ്പി ചോദിച്ചു. സമ്മതമാണെന്നായിരുന്നു ജോളിയുടെ മറുപടി. ഉടൻ പൊലീസുകാർ ഒരു പേനയും കടലാസും എടുത്തുനൽകി. അപേക്ഷ എങ്ങനെ എഴുതണമെന്നു പറഞ്ഞുകൊടുത്തു. എന്നാൽ അപേക്ഷ എഴുതി പകുതിയായപ്പോൾ ജോളി പേന നിലത്തുവച്ചു തല കുമ്പിട്ടിരുന്നു. ഷാജുവിനോടു ചോദിക്കാതെ അപേക്ഷ തരാൻ പറ്റില്ലെന്നായിരുന്നു മറുപടി.
അഞ്ചാം തിയതി രാവിലെയാണു ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനു മുൻപ് , സയനൈഡ് സംഘടിപ്പിച്ചു നൽകിയ മാത്യുവിനെ പിടികൂടിയിരുന്നു. മാത്യുവിന്റെ മൊഴികൾ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ മാത്യുവും റോയിയും തമ്മിൽ ശത്രുത ഉണ്ടായിരുന്നെന്നും മാത്യുവായിരിക്കും സയനൈഡ് നൽകിയത് എന്നും ജോളി പറഞ്ഞു.
എന്നാൽ സംഭവം നടക്കുന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ മാത്യു സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. റോയ് രാത്രി ഭക്ഷണം കഴിക്കുന്നതിനു മുൻപാണു മരിച്ചതെന്ന ജോളിയുടെ മൊഴി തെറ്റായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ നിരത്തി പൊലീസ് ചൂണ്ടിക്കാട്ടി.
ജോളി നൽകിയ ഭക്ഷണം ദഹിക്കാത്ത നിലയിൽ ശരീരത്തിൽ കണ്ടെത്തിയത് ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ ജോളി കുറ്റം സമ്മതിച്ചു. റോയിയുടെ കൊലപാതകം താൻ നടത്തിയതാണെന്നു സമ്മതിച്ചതിനു പിന്നാലെ മറ്റ് 5 കൊലപാതകങ്ങൾ നടത്തിയ വിധവും അതിനു പിന്നിലെ കാരണങ്ങളും ജോളി ഏറ്റു പറഞ്ഞു.
അതേസമയം പൊന്നാമറ്റം വീടിന്റെ ദോഷം കൊണ്ട് കൂടുതൽ കുടുംബാംഗങ്ങൾ മരിക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞതായി ജോളി. അയൽവാസികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നിൽ കൂടുതൽ പേർ മരിക്കുമെന്നാണ് ജോളി തങ്ങളെ വിശ്വസിപ്പിച്ചിരുന്നത്.
കൊല്ലപ്പെടുന്നതിന് മുൻപ് റോയിയും ഈ കഥയിൽ വീണിരുന്നു. ദോഷം അകറ്റാനുള്ള പരിഹാരക്രീയകൾക്കിടയിലാണ് റോയിയുടെ മരണം. കുടുംബാംഗങ്ങളെ ജോളി വിഷം കൊടുത്തു കൊന്നോ എന്ന് നേരത്തേ സംശയം തോന്നിയിരുന്നുവെന്നും അയൽവാസികളായ ആയിഷയും ഷാഹുൽ ഹമീദും മനോരമ ന്യൂസിനോട് പറഞ്ഞു.