ഭാര്യ ജോളിയുടെ എൻഐടി ജോലി വെറും നുണയാണെന്ന് തിരിച്ചറിഞ്ഞത് പൊലീസ് ചോദ്യം ചെയ്യലിന് ശേഷമാണെന്ന് രണ്ടാംഭർത്താവ് ഷാജു. എൻഐടിയിൽ ബിബിഎ ലക്ചറർ ആണെന്നാണ് തന്നെ ധരിപ്പിച്ചിരുന്നത്. എന്നും പോകുന്നതിനാൽ അതേക്കുറിച്ച് സംശയമൊന്നും തോന്നിയില്ല. പൊലീസ് ചോദ്യം ചെയ്യലിന് ശേഷം ഇതെല്ലാം നുണയായിരുന്നല്ലേ എന്ന് താൻ ചോദിച്ചെന്നും ഒരു ബ്യൂട്ടിഷോപ്പിൽ ഇരിക്കാറുണ്ടെന്നുമായിരുന്നു ജോളിയുടെ മറുപടിയെന്നും അദ്ദേഹം പറയുന്നു.
റോയിയുടെ പോസ്റ്റ്മോർട്ടത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നുവെന്ന് പൊലീസ് പറയുമ്പോഴാണ് അറിയുന്നത്. പോസ്റ്റ്മോർട്ടം നടത്തിയത് പോലും അറിഞ്ഞില്ല. ഹാർട്ട് അറ്റാക്കാണെന്നാണ് കരുതിയിരുന്നത്. റോയിക്ക് ധാരാളം പണമിടപാടുകൾ ഉള്ളതിനാൽ ആത്മഹത്യയാകാം എന്നും സംശയിച്ചിരുന്നുവെന്നും ഷാജു സഖറിയാസ് വെളിപ്പെടുത്തി.
ജോളിയുമായി മുൻപു സൗഹൃദവുമുണ്ടായിരുന്നില്ല. മക്കൾ സുഹൃത്തുക്കളായിരുന്നു. മകന്റെ അഡ്മിഷന് സ്കൂളിൽ പോകുമ്പോൾ അവർക്കും ഫോം വാങ്ങി നൽകിയിരുന്നു. അന്നാണ് ജോളിയോട് സംസാരിക്കുന്നത്. സിലി 3 മാസം ഗർഭിണിയായിരിക്കെ ചിക്കൻപോക്സ് വന്നിരുന്നു. കുട്ടിക്ക് അസുഖം വരാൻ സാധ്യതയുണ്ടെന്നു പറഞ്ഞിരുന്നു. വൃക്കയ്ക്ക് അണുബാധ വന്നപ്പോൾ മിംസ് ആശുപത്രിയിൽ പോയി മരുന്നും കൊടുത്തിരുന്നു. ഇതിനിടെയാണു മകന്റെ ആദ്യകുർബാന ദിവസം ഭക്ഷണം കഴിച്ചു മകൾ മരിച്ചത്. എന്നാൽ ജോളിയെക്കുറിച്ചു ഭാര്യ സിലി സംശയിച്ചതായി അറിയില്ല.
മകൾ മരിച്ചു മാസങ്ങൾക്കുശേഷം കുട്ടികളുണ്ടാകാനായി ഉള്ളിയേരിയിൽ ആയുർവേദ ചികിത്സ നടത്താൻ സിലി ആവശ്യപ്പെട്ടിരുന്നു. ചികിത്സ തുടങ്ങിയശേഷം ഒരു ദിവസം അപസ്മാരബാധ വന്നതിനെ തുടർന്നു കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അന്ന് മരിച്ചുപോകുമെന്നു ഭയന്നതായി ഡോക്ടർമാർ പറഞ്ഞെന്നു സിലി പിന്നീട് പറഞ്ഞിരുന്നു. 3 ദിവസത്തിനുശേഷമാണ് ആശുപത്രി വിട്ടത്. അപ്രതീക്ഷിതമായി സിലി കുഴഞ്ഞുവീണു മരിച്ചപ്പോൾ പഴയ രോഗമാണെന്നാണു കരുതിയതെന്നും ഷാജു പറഞ്ഞു. രണ്ടാമതു കല്യാണം കഴിക്കേണ്ടെന്നായിരുന്നു തീരുമാനിച്ചിരുന്നത്.
സിലിയുടെ ബന്ധുക്കളാണു ജോളിയുമായുള്ള കല്യാണക്കാര്യം മുന്നോട്ടുവച്ചത്. ജോളിയും ഇതിന് അനുകൂലമായി മുന്നോട്ടുവന്നു. കുട്ടികളുടെ ഭാവിയോർത്താണു കല്യാണത്തിനു സമ്മതിച്ചത്. മാത്യുവുമായി ജോളിക്കു ബന്ധമുള്ളതായി താൻ കണ്ടിരുന്നില്ലെന്നും ഷാജു പറഞ്ഞു. ഏറെ നേരം ഫോൺ ഉപയോഗിക്കുന്ന സ്വഭാവം ജോളിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.