jolli-neww

കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന കൂടത്തായ് കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളി ജോസഫ് അസ്വസ്ഥയാണെന്ന് ജയിൽ അധികൃതർ. ജോളിയെ ജയിലിൽ എത്തിച്ചതിന്റെ പിറ്റേ ദിവസം നാടൻ പാട്ടും കഥാ പ്രസംഗവും ജയിലിൽ ഉണ്ടായിരുന്നു. വേദിയിൽ പരിപാടി നടക്കുമ്പോൾ ഇവർ തലയും കുമ്പിട്ടാണ് ഇരുന്നത്. പരിപാടികളിൽ മുഴുവൻ സമയവും അവർ പങ്കെടുത്തുവെന്നും ജയിൽ അധികൃതർ വെളിപ്പെടുത്തി. 

ജോളിക്കൊപ്പം അറസ്റ്റിലായ എം.എസ്.മാത്യു കോഴിക്കോട് സ്പെഷ്യൽ സബ് ജയിലിലും പ്രജികുമാർ ജില്ലാ ജയിലിലുമാണ് ഉള്ളത്.

നാടിനെ നടുക്കിയ കൊലപാതക പരമ്പര ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പുറത്ത് വന്നത്. ആട്ടിൻസൂപ്പിലും കടക്കറിയിലും മറ്റുമായി സയനൈഡ് ചേർത്ത് നൽകിയാണ് ഇവർ ഭർത്താവിനെയും ഭർത്താവിന്റെ മാതാപിതാക്കളെയും ബന്ധുക്കളായ മൂന്ന് പേരെയും കൊലപ്പെടുത്തിയത്. ഭർതൃസഹോദരിയെ കൊലപ്പെടുത്തുന്നതിനും ശ്രമിച്ചു.

കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണം വിപുലീകരിക്കുകയാണ് അന്വേഷണസംഘം. ജോളിയുടെ ഭൂമി ഇടപാടില്‍ സഹായം ചെയ്ത റവന്യു ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. താമരശ്ശേരി മുന്‍ ഡപ്യൂട്ടി തഹസില്‍ദാറെയാണ് ചോദ്യം ചെയ്യുക. റോയ് തോമസിന്‍റെ മരണം 2011ല്‍  അന്വേഷിച്ച റിട്ട. എസ്.ഐ രാമനുണ്ണിയെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. റോയിയുടേത് ആത്മഹത്യാണെന്ന് കണ്ടെത്തിയത് രാമനുണ്ണിയാണ്. റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ  സയനൈഡിന്‍റെ അംശത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നില്ല. ആറ് കൊലപാതകങ്ങളിലും ജോളിയെ സഹായിച്ചുവെന്ന് കരുതുന്നവരുടെ പട്ടിക തയാറാക്കി ചോദ്യംചെയ്യാനാണ് തീരുമാനം. 

 ആറ് കൊലപാതകങ്ങളിലും ജോളിയെ സഹായിച്ചവര്‍ നിരീക്ഷണത്തിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും അന്വേഷണ പരിധിയിലുണ്ട്. ജോളി ഉള്‍പ്പെടെ റിമാന്‍ഡിലുള്ളവരെ ബുധനാഴ്ചതന്നെ കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. ഇവരെ വീണ്ടും ചോദ്യംചെയ്തശേഷം കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങാനാണ് തീരുമാനം. ജോളിയുടെ ഭൂമി ഇടപാടുമായി നിലനിൽക്കുന്ന ദുരൂഹതകളും നീക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക അന്വേഷണസംഘം തയാറാക്കി. ഇവരെ പല കേന്ദ്രങ്ങളില്‍ വിളിച്ചുവരുത്തിയാകും ചോദ്യംചെയ്യുക.

അതിനിടെ കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യുന്നു. പയ്യോളി ക്രൈംബ്രാഞ്ച് ഒാഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്യല്‍. ഷാജുവിനെതിരെ തെളിവുകള്‍ ശക്തമായതിനാല്‍ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്. ഷാജുവിനെതിരെ ആദ്യാഭാര്യയുടെ സഹോദരന്‍ സിജോ ശക്തമായ മൊഴി നല്‍കിയിട്ടുണ്ട്. ജോളിയുമായുള്ള വിവാഹത്തിന് സമ്മതമില്ലായിരുന്നു എന്നാണ് മൊഴി. സിലിയുടെ കുടുംബം ഇവരുടെ രണ്ടാം വിവാഹത്തില്‍ പങ്കെടുത്തില്ലെന്നും മൊഴിയിലുണ്ട്. എന്നാല്‍ സിജോ കൂടി നിര്‍ബന്ധിച്ചതിനാലാണ് രണ്ടാം വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഷാജു മൊഴി നല്‍കിയത്.