കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിന്റെ മാസ്റ്റർ പ്ലാൻ ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. കാർഡിയോളജി - ട്രോമ കെയർ വിഭാഗങ്ങളുടെ നവീകരണത്തിന് മുൻഗണന നൽകും. ആശുപത്രി വികസന സൊസൈറ്റിയുടെ പ്രവർത്തനം ഉടൻ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. ജനപ്രതിനിധികൾ,വിവിധ വകുപ്പ് മേധാവികൾ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.

പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുത്ത ശേഷം, പൂർണമായും സർക്കാർ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വിലയിരുത്താനാണ് മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നത്.  നവീകരണ പ്രവർത്തനങ്ങൾക്ക് 300 കോടിയുടെ മാസ്റ്റർ പ്ലാനാണ് നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ നൂറ്റി അമ്പത് കോടിയുടെ പദ്ധതിക്ക് കിഫ്ബിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. നിലവിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ യോഗ്യതക്കനുസരിച്ച് മുൻഗണന നൽകും. ഒരു വർഷത്തിനുള്ളിൽ, സൗജന്യ ചികിത്സ ഉൾപെടെയുള്ള സർക്കാർ  സേവനങ്ങൾ ഉറപ്പാക്കാനാകുമെന്നും മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.

മെഡിക്കൽ കോളജിൽ കാരുണ്യ ഫാർമസി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ഡയാലിസ് യൂണിറ്റ് കൂടുതൽ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രശ്നം കാരണം ആശുപത്രിയുടെ പ്രവർത്തനം തന്നെ താളം തെറ്റിക്കിടക്കുന്ന സാഹചര്യത്തിലാണ് മന്ത്രി യോഗം വിളിച്ചത്.