മലയാളികള്‍ ഉള്‍പ്പെട്ട സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ കുട്ടികളുടെ നഗ്നത പ്രചരിപ്പിക്കുന്നത് കൂടിവരുന്നതായി എഡിജിപി മനോജ് എബ്രാഹം. ഇരകളാകുന്നവരില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളുമുണ്ടെന്ന് എഡിജിപി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ഇതടക്കം ഗുരുതര കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് സമൂഹമാധ്യമരംഗത്തെ പ്രമുഖരെ അണിനിരത്തിയുള്ള കൊക്കൂണ്‍ സൈബര്‍ കോണ്‍ഫ്രന്‍സിന് തുടക്കമായി. ഇതിനായി ഇന്ത്യയിലെ ഫെയ്സ്ബുക്ക് സുരക്ഷാവിഭാഗം മേധാവി സത്യ യാദവ് അടക്കം പ്രമുഖര്‍ ഇന്ന് കൊച്ചിയിലെത്തും.
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ രാജ്യാന്തരതലത്തില്‍ ഇന്റര്‍പോള്‍ നിരീക്ഷിച്ച് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അടുത്തകാലം വരെ നടപടികള്‍. എന്നാലിപ്പോള്‍ ഇവിടെ തന്നെ സ്ഥിരം ജാഗ്രത പുലര്‍ത്തേണ്ട സ്ഥിതിയായി. കാരണം പലപ്പോഴും ഇരകളാകുന്നത് നമ്മുടെ പരിസരങ്ങളില്‍ തന്നെയുള്ള കുട്ടികളാണ്. കേരളത്തില്‍ അടുത്തയിടെ ഏതാനും അറസ്റ്റുകള്‍ നടന്നെങ്കിലും രഹസ്യഗ്രൂപ്പുകള്‍ വീണ്ടും സജീവമാകുന്നുണ്ട്. ഇതിനൊപ്പം സൈബര്‍ വേദികളിലെ അധിക്ഷേപത്തിന്റെ പരാതികള്‍ ഏറിവരികയാണ്. ഇവയെല്ലാം നേരിടാന്‍ പൊലീസിനെ സജ്ജമാക്കുകയാണ് ഈ പന്ത്രണ്ടാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ കൊക്കൂണിന്റെ ദൗത്യം.
വന്‍ നിക്ഷേപം ബാങ്കില്‍ സൂക്ഷിക്കുന്നവരുടെയല്ല, സാധാരണക്കാരുടെ അക്കൗണ്ട് ചോര്‍ത്തുന്നതാണ് സമീപകാല സൈബര്‍ തട്ടിപ്പുകളിലെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനെതിെരയുള്ള ജാഗ്രത ലക്ഷ്യമിട്ട് ബാങ്കിങ് രംഗത്തെ പ്രമുഖരും സൈബര്‍ വിദഗ്ധരും ഒന്നിച്ച് ഇരിക്കുകയാണ് കൊക്കൂണില്‍. കോണ്‍ഫ്രന്‍സിന് മുന്നോടിയായി ഇന്നലെ നടന്ന ആദ്യ ശില്‍പശാലയില്‍ ഇരുനൂറിലേറെ പേര്‍ പങ്കെടുത്തു. ഡ്രൈവര്‍ അറിയാതെ കാര്‍ ഹാക്കുചെയ്ത് നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ഡെമോ പ്രദര്‍ശനവും പ്രധാനവേദിയായ ഹോട്ടല്‍ ഹയാത്തില്‍ നടന്നു.