കാലിക്കറ്റ് സർവകലാശാലയിൽ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകൾ ആക്രികടയിൽ കണ്ടെത്തിയതിൽ ആരോപണവിധേയനായ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്നും മാറ്റി നിർത്തി. വിദ്യാർഥികളുടെ പരാതിയിൽ സിൻഡിക്കേറ്റ് സമിതി അന്വേഷിക്കും.

ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഉത്തരപേപ്പറുകളാണ്‌ കൊണ്ടോട്ടിയിലെ ആക്രിക്കടയില്‍ വില്‍പ്പനയ്ക്കെത്തിച്ചത്.കഴിഞ്ഞ മാര്‍ച്ചില്‍ എഴുതിയ അഫ്‌സല്‍ ഉലമ പരീക്ഷയുടെ ഉത്തരപേപ്പറുകളായിരുന്നു ഇത് . മൂല്യനിര്‍ണയം പൂര്‍ത്തിയായ ഉത്തരപേപ്പറുകളാണ് ഭൂരിഭാഗവും.എന്നാല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുകയോ, കോടതി ആവശ്യപ്പെടുകയോ ചെയ്താല്‍ ഹാജരാക്കേണ്ട ഉത്തരക്കടലാണ് ആക്രിക്കടയില്‍ എത്തിച്ചത്.

സര്‍വകലാശാലയുടെ അനുമതിയില്ലാതെ ഉത്തരക്കടലാസ് വില്‍പന നടത്താനോ കൈമാറാനോ അനുമതി ഇല്ലെന്നിരിക്കെ അധ്യാപകനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലയിൽ എസ്.എഫ്.ഐ മാർച്ച് നടത്തി.