കണ്ണൂർ ചെറുപുഴയിൽ ആത്മഹത്യ ചെയ്ത ജോസഫിന് അവകാശപ്പെട്ട ഫ്ലാറ്റ് ചെറുപുഴ ഡവലപേഴ്സ് ജോസഫിന്റെ കുടുംബത്തിന് രേഖാമൂലം കൈമാറി. രജിസ്ട്രേഷൻ നടപടികൾ ഇന്നലെ പൂർത്തിയാക്കി. കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതി ഇന്ന് കോൺഗ്രസ് നേതാക്കൾ ഉൾപെടെയുള്ള ചെറുപുഴ ഡെവലപേഴ്സ് പാർട്ണർമാരിൽ നിന്ന് തെളിവെടുക്കും.

ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയ, ലീഡർ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രി ഉൾപെടുന്ന, സിയാദ് ടവറിലുള്ള ഫ്ലാറ്റാണ് കുടുംബത്തിന് രേഖാമൂലം കൈമാറിയത്.  കെട്ടിടം നിർമിച്ച വകയിൽ നൽകാനുള്ള പണത്തിന്റെ നിശ്ചിത ശതമാനത്തിന് പകരമായി ഈ ഫ്ലാറ്റ് കൈമാറാൻ ജോസഫുമായി നേരത്തെ ചെറുപുഴ ഡെവലപേഴ്സ്  ധാരണയുണ്ടാക്കിയിരുന്നു. കെ.പി.സി.സി പ്രസിഡന്റും  ഫ്ലാറ്റ് കൈമാറുന്ന കാര്യത്തിൽ കർശന നിലപാടെടുത്തു. ജോസഫിന്റെ സഹോദരൻ മാർട്ടിൻ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് രേഖാമൂലം കൈമാറിയത്. നൽകാനുള്ള തുകയുടെ ബാക്കി കൈമാറുന്നത് സംബന്ധിച്ചും ധാരണയായെന്നാണ് സൂചന. കോൺഗ്രസ് നേതാക്കൾ ഉൾപെടെയുള്ള ചെറുപുഴ ഡവലപേഴ്സ് കമ്പനി പാർട്ടണർമാരിൽ നിന്ന് കെ.പി.സി.സി അന്വേഷണ സമിതി ഇന്ന് തെളിവെടുക്കും.

ജോസഫുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങളുമായി ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. കുടുംബാംഗങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം കെ.കുഞ്ഞികൃഷ്ണൻ അടക്കമുള്ള എട്ടു പേരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തത്. വെള്ളിയാഴ്ച്ച വീണ്ടും ഹാജരാകാൻ പൊലീസ് നിർദേശിച്ചിട്ടുമുണ്ട്.