rahul-noushad-meet

‘യൂ ആർ എ ഗ്രേയ്റ്റ് ഹീറോ.. നിങ്ങൾ വലിയ നായകനാണ്...’ എന്നെ ചേർത്ത് നിർത്തി രാഹുൽ ഗാന്ധി പറഞ്ഞതിങ്ങനെയാണ്. ഹീറോ എന്ന വാക്ക് അദ്ദേഹം പറഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നി..’ പെരുന്നാളിന്റെ തലേന്ന് പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കരുത്തായ ആ ശബ്ദത്തിന്റെ പ്രസരിപ്പ് ഇപ്പോഴും കുറഞ്ഞിട്ടില്ല. ഇന്ന് രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട നിമിഷത്തെ കുറിച്ചുള്ള ആദ്യ ചോദ്യത്തിന് നൗഷാദിക്കയുടെ പ്രതികരണം ഇൗ വാക്കുകളായിരുന്നു. സോഷ്യൽ ലോകത്ത് നിമിഷനേരം കൊണ്ട് വൈറലായ ചിത്രത്തിന് പിന്നിലെ നിമിഷങ്ങൾ നൗഷാദ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

 

‘കോഴിക്കോട് മുക്കത്ത് നടന്ന ചടങ്ങിലേക്ക് അതിഥിയായിട്ടാണ് കോൺഗ്രസുകാർ എന്നെ ക്ഷണിച്ചിരുന്നത്. ഒരു രാഷ്ട്രീയവും ഇല്ലാതെ നിറഞ്ഞ മനസോടെയാണ് ഞാൻ പോയത്. ചെന്നപ്പോൾ രാഹുലിനെ കണ്ടു. അദ്ദേഹത്തോട് സംസാരിച്ചു. പ്രളയസമയത്തെ സംഭവങ്ങളൊക്കെ അദ്ദേഹം അറിഞ്ഞിരുന്നു. എന്നെ ചേർത്ത് നിർത്തി രാഹുൽ പറഞ്ഞത്. ‘യൂ ആർ എ ഗ്രേയ്റ്റ് ഹീറോ’ എന്നാണ്. ആ വാക്ക് വല്ലാതെ സ്പർശിച്ചു. നമ്മുക്ക് രാഷ്ട്രീയം ഇപ്പോൾ വേണ്ടെന്നും, ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും രാഹുൽ പറഞ്ഞു. ഒരു വിജയിയെ ചേർത്ത് നിർത്തുന്നത് പോലെ എന്റെ കയ്യോട് അദ്ദേഹത്തിന്റെ കൈചേർത്ത് ആകാശത്തേക്ക് ഉയർത്തിയ നിമിഷം എറെ ഹൃദ്യമായിരുന്നു. അവിസ്മരണീയമായ കൂടിക്കാഴ്ചയായിരുന്നു രാഹുലുമൊത്ത്. ദയവ് ചെയ്ത് ഇതിൽ ആരും രാഷ്ട്രീയം കലർത്തരുത്..’ നൗഷാദ് പറഞ്ഞു.