അഞ്ചാംമാസത്തില്‍ ജനിച്ചുവീഴുന്ന കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിക്കാനാകുമെന്ന് തെളിയിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രി. മുന്നൂറ്റിയെണ്‍പത് ഗ്രാം തൂക്കവുമായി ജനിച്ച പെണ്‍കുഞ്ഞാണ് പ്രതീക്ഷയുടെ തിരിനാളമായി ജീവിതത്തിലേക്ക് പിടിച്ചുകയറിയത്.
ഇതാണ് കുഞ്ഞു കാശ്‌വി. ഉത്തര്‍പ്രദേശുകാരായ ഡോ. ദിഗ്‌വിജയ്– ശിവാങ്കി ദമ്പതികളുടെ മകള്‍. കഴിഞ്ഞ മെയ് ഒന്നിന് കൊച്ചി ലൂര്‍ദ് ആശുപത്രിയില്‍ ജനിച്ചുവീഴുമ്പോള്‍ ഇവളുടെ വളര്‍ച്ച ഇരുപത്തിമൂന്ന് ആഴ്ചമാത്രം. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ രക്ഷപെടുത്തണമെങ്കില്‍ ഇരുപത്തിനാല് ആഴ്ചയെങ്കിലും വളര്‍ച്ചയുണ്ടാകണം.
കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന് ഡോക്ടറായ ദിഗ്‌വിജയ് ഉറപ്പിച്ചു. കരച്ചിലോ, ശ്വസനമോ ഇല്ലാതിരുന്ന, കൈപ്പത്തിയുടെ വലുപ്പം മാത്രമുള്ള കുഞ്ഞിന് പക്ഷേ നേര്‍ത്ത ഹൃദയമിടിപ്പുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. അപ്രായോഗികമാണെങ്കിലും സ്വജീവന്‍ നിലനിര്‍ത്താനുള്ള അവളുടെ പരിശ്രമത്തിനൊപ്പം നില്‍ക്കാന്‍ മാതാപിതാക്കളും ഡോക്ടര്‍മാരും തീരുമാനിച്ചതോടെ കാര്യങ്ങള്‍ മാറി. ശിശുസംരക്ഷണത്തിനുള്ള അത്യാധുനിക സംവിധാനങ്ങളുള്ള ഐ.സി.യുവില്‍ കൃത്രിമശ്വാസം നല്‍കി കുഞ്ഞിന്‍റെ ജീവന്‍ പിടിച്ചുനിര്‍ത്തി.
ഗര്‍ഭപാത്രത്തിലേതുപോലുള്ള ഈര്‍പ്പവും, ശരീരത്തിലെ ചൂടും നിലനിര്‍ത്തുകയും അണുബാധയേല്‍ക്കാതെ സംരക്ഷിക്കുകയെന്നതും വെല്ലുവിളിയായി. മാസം തികയാത്തതിനാല്‍ തലച്ചോറിനും മറ്റ് ആന്തരികാവയവങ്ങള്‍ക്കും വൈകല്യങ്ങളില്ലാതെ വളര്‍ച്ച ഉറപ്പുവരുത്തുന്നതും ശ്രമകരമായിരുന്നു. എങ്കിലും കൈമെയ് മറന്ന് ഒന്നിച്ചുനിന്ന ചികില്‍സാസംഘത്തിന്‍റെയും മാതാപിതാക്കളുടെയും പ്രാര്‍ഥന ഫലം കണ്ടു. മുന്നൂറ്റിയെണ്‍പത് ഗ്രാം ഭാരവുമായി ജനിച്ച കാശ്‌വി ഒന്നരക്കിലോ തൂക്കമുള്ള മിടുക്കിക്കുട്ടിയായി ഈ മാസം ഏഴിന് ആശുപത്രി വിട്ടു.
പോഷകങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ന്യൂട്രിഷണല്‍ തെറാപ്പി, ഡെവലപ്മെന്‍റ് സപ്പോര്‍ട്ടീവ് കെയര്‍, കുഞ്ഞിന് ആവശ്യമായ ശരീരോഷ്മാവ് ഉറപ്പാക്കുന്നതിന് കംഗാരു മദര്‍ കെയര്‍ എന്നീ നൂതന ചികില്‍സാ മാര്‍ഗങ്ങള്‍ ഉപയോഗിച്ചായിരുന്നു കാശ്‌വിയുടെ ചികില്‍സ. ദക്ഷിണേഷ്യയില്‍ ഏറ്റവും കുറഞ്ഞ ഭാരവുമായി ജനിച്ച് സുരക്ഷിതയായിരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണ് കാശ്‌വി.