മൂന്നാഴ്ചയായി മഞ്ജു വാര്യര്‍ ഹിമാചല്‍ പ്രദേശിലാണന്നും ഇവിടുത്തെ പ്രളയം പോലും അറിഞ്ഞിട്ടില്ലെന്നും സഹോദരന്‍ മധു വാര്യര്‍. വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അമ്മ തന്റെ കൂടെയാണെന്നും ഇതൊന്നും സഹോദരി അറിഞ്ഞിട്ടില്ലെന്നും മധു വാര്യര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ആര്‍മിയിലെ സുഹൃത്തുക്കളെ വിളിച്ച് ഹിമാചലിലെ വെള്ളപ്പൊക്കത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും മധു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമാ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് മഞ്ജു വാരിയറും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും ഉള്‍പ്പെടെയുള്ളവര്‍ ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയത്. പുറത്തേക്ക് ഫോണ്‍ വിളിക്കാന്‍ പോലും മാര്‍ഗമില്ലാതെ ഭക്ഷണം പോലും കിട്ടാത്ത സ്ഥിതിയിലാണ് ഇവര്‍. മണാലിയില്‍നിന്ന് 100 കിലോ മീറ്ററകലെ ഛത്രുവിലാണ് കുടുങ്ങിയത്.
മൂന്നാഴ്ച മുമ്പ് ഷൂട്ടിങ്ങിനായി പോയ മഞ്ജു സഹോദരന്‍ മധു വാരിയരെ തിങ്കളാഴ്ച വൈകിട്ട് ആരുടെയോ സാറ്റലൈറ്റ് ഫോണില്‍ വിളിച്ചാണ് ദുരിതാവസ്ഥ അറിയിച്ചത്.
വിനോദസഞ്ചാരികളടക്കം ഇരുന്നൂറോളം പേര്‍ ഇവിടെ കുടുങ്ങിയതായി മഞ്ജു സഹോദരനോടു പറഞ്ഞു. രണ്ടുദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ബാക്കിയുള്ളത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം സംസാരിച്ച മഞ്ജു പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തതായും മധു പറഞ്ഞു. മണാലിയില്‍ നിന്ന് 100 കിലോമീറ്ററകലെ ഛത്രയിലാണ് ഷൂട്ടിങ് നടക്കുന്നത്. ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്താണെന്ന് മഞ്ജു അറിയിച്ചതായും മധു പറഞ്ഞു.