Bharathapuzha Flood

ഭാരതപ്പുഴ തിരിച്ചൊഴുകിയതോടെ കരയിൽ ഞൊടിയിടയിൽ പ്രളയം. പാലക്കാട് ജില്ല മുതൽ പൊന്നാനി വരെയുള്ള ഭാഗങ്ങളിൽ പുഴ കരകവിഞ്ഞ് വൻ നാശനഷ്ടം സംഭവിച്ചു. ഭാരതപ്പുഴ പൊന്നാനി അഴിമുഖത്തു വച്ചാണ് കടലിൽ ചേരുന്നത്. എന്നാൽ, വെള്ളിയാഴ്ച രാവിലെ മുതൽ കടൽക്ഷോഭം മൂലം അഴിമുഖത്ത് കൂറ്റൻ തിരമാലകുണ്ടായി. ഇതോടെ ഭാരതപ്പുഴയിൽ നിന്നുള്ള വെള്ളം തിരിച്ചൊഴുകി. വെള്ളിയാഴ്ച ഉച്ചയോടെ പുഴ എല്ലാ ഭാഗങ്ങളിലും കരകവിയാൻ തുടങ്ങി. പൊന്നാനിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്.

 

തിരൂർ, പൊന്നാനി താലൂക്കുകളിലെ മിക്ക ഭാഗങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. പുഴയോരത്തെ ആയിരത്തിലധികം കുടുംബങ്ങൾ വീടു വിട്ടു. തിരൂർ താലൂക്കിലെ പുറത്തൂർ, തൃപ്രങ്ങോട്, തിരുനാവായ, താനാളൂർ, കുറ്റിപ്പുറം, ഇരമ്പിളിയം എന്നിവിടങ്ങളിലായി എട്ടു ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ച് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെള്ളം കയറിയ വീടുകളിൽ കുടുങ്ങിയവരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഭാരതപ്പുഴ കരകവിയുന്നതിനാൽ അധികൃതർ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. റോഡുകളിൽ വെള്ളം പൊങ്ങിയതിനാൽ പലയിടങ്ങളിലും ഗതാഗതം മുടങ്ങിയിട്ടുണ്ട്.

 

കഴിഞ്ഞ പ്രളയത്തെയും മറികടന്ന് ഭാരതപ്പുഴ; ജലനിരപ്പ് റെക്കോർഡ് നിലയിൽ

 

കഴിഞ്ഞ വർഷം പ്രളയകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് ജലനിരപ്പ് മറികടന്ന് ഭാരതപ്പുഴ ഇരുകരയും കവിഞ്ഞ് കുത്തിയൊഴുകുന്നു. കഴിഞ്ഞവർഷത്തെ 10.02 അടി എന്ന റെക്കോർഡ് ജലനിരപ്പാണ് വെള്ളിയാഴ്ച രാത്രിയോടെ മറികടന്നത്. ഓരോ മണിക്കൂറിലും പുഴയിലെ ജലനിരപ്പ് ഏറിവരികയാണ്. പുഴയോര പ്രദേശങ്ങൾ എല്ലാം വെള്ളത്തിന് അടിയിലാണ്. മഴയ്ക്കും വെള്ളപ്പൊക്കത്തിനും പുറമേ ശക്തമായ കാറ്റ് വീശുന്നത് ഏറെ ഭീതി ഉയർത്തുകയാണ്. പ്രധാന റോഡുകളിലും വീടുകൾക്കു മുകളിലുമെല്ലാം മരം വീണ് അപകടമുണ്ടായി.