കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മലയാളികൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേര് വഫ ഫിറോസിന്റേതാണെന്ന് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട ദിവസം ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനൊപ്പം രാത്രി കാറിലുണ്ടായിരുന്ന വഫ ആരാണെന്ന് അറിയാനായിരുന്നു ഇൗ തിരച്ചിൽ. അപകടം നടന്ന ദിവസം അതിരാവിലെ മുതൽതന്നെ ആരാണ് വഫ എന്നുള്ള തിരച്ചിലുകൾ ആരംഭിച്ചതായി ഗൂഗിൾ െട്രന്റ് റിപ്പോര്‍ട്ട് കാണിക്കുന്നു.
ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വഫയെ ഏറ്റവും കൂടുതൽ പേർ ഗൂഗിൾ തിരഞ്ഞത്. യുഎഇയാണ് തിരച്ചിലിൽ ഒന്നാമത്. ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ. ആറാം സ്ഥാനത്ത് ഇന്ത്യയാണ്. അതിൽ കേരളത്തിൽനിന്നുമാണ് വഫ ആരെന്ന കൂടുതൽ അന്വേഷണമുണ്ടായത്. വഫ ഫിറോസ് മോഡൽ, വഫ മോഡൽ, വഫ ഫിറോസ് ഫോട്ടോസ്, വഫ ഫിറോസ് മോഡൽ ഫോട്ടോസ് എന്നിങ്ങനെ നീളുന്നു തിരച്ചിൽ കീവേഡുകൾ. ഫെയ്സ്‌ബുക്കിലും വഫ ഫിറോസിനെ തിരഞ്ഞവർ നിരവധി. തിരച്ചിലിൽ കിട്ടിയ ചിത്രങ്ങളെടുത്ത് വഫ ഫിറോസിന്റേത് എന്ന് വ്യജമായി പ്രചരിപ്പിച്ചവരും ഉണ്ട്.
അതേസമയം ശ്രീറാം മദ്യപിച്ചിരുന്നോ എന്നറിയാന്‍ പരിശോധന നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് എന്തുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു.ഗവര്‍ണര്‍ ഉള്‍പ്പെടെ പോവുന്ന റോഡില്‍ എന്തുകൊണ്ട് സിസിടിവി ഇല്ലേന്നും കോടതി വിമർശിച്ചു. ശ്രീറാമിന്റെ പരുക്ക് കണക്കിലെടുത്താണ് സാംപിള്‍ എടുക്കാതിരുന്നതെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. നരഹത്യക്കുറ്റം നിലനില്‍ക്കുമെന്നും വാദം. എന്നാൽ ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേ ഇല്ല. കേസ് വെളളിയാഴ്ചത്തേക്ക് മാറ്റി.
രക്തത്തിലെ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രീറാമിനെ ചോദ്യം ചെയ്യണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.