പുഴ സംരക്ഷിക്കാൻ ഒറ്റയാൾ പോരാട്ടവുമായി കണ്ണൂർ പായത്തെ വിളങ്ങോട്ടുവയൽ പ്രഭാകരൻ. ബാവലി പുഴയോരത്ത് മുള തൈകൾ വച്ച് പിടിപ്പിച്ചാണ് ജൈവ കർഷകൻ കൂടിയായ പ്രഭാകരൻ പ്രകൃതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് മാതൃകയാവുന്നത്.
സ്വന്തം പറമ്പിലെ മുളതൈകൾ മുഴുവൻ ശേഖരിച്ച് പരിപാലിച്ചു. ആറുമാസം പ്രായമായ തൈകളാണ് പുഴയോരത്ത് നട്ടത്. അന്യം നിന്ന് പോകുന്ന മുളകൾ സംരക്ഷിക്കുക എന്നതിലുപരി മണ്ണിടിച്ചിൽ തടയുക എന്ന ലക്ഷ്യവും പ്രഭാകരന്റെ ദൗത്യത്തിനുണ്ട്. പായം മുക്ക് , ജബ്ബാർ കടവ് മേഖലകളിലുള്ള പുഴയോരത്തെ സ്ഥലമുടമകളെ കണ്ടെത്തി മുള നടാൻ അനുമതി തേടിയപ്പോൾ, എല്ലാവരും സമ്മതിച്ചു. തുടർന്നാണ് ഇരുന്നൂറോളം മുളതൈകൾ നട്ടത്. പായം കർഷക സ്വയംസഹായ സംഘം സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പായം മുക്കിലെ വിമുക്തഭടൻ ജനാർദ്ദനൻ ,കെ.പ്രസാദ് , രാധാമണി, സജിത്ത് ,ചന്ദ്രിക തുടങ്ങിയവർ പിന്തുണയുമായെത്തി.
പഴശ്ശി പദ്ധതി പ്രദേശത്ത് നടാനുദ്ദേശിച്ചാണ് മുള തൈകൾ തയ്യാറാക്കിയിരുന്നതെങ്കിലും അധികൃതരുടെ അനുമതി ലഭിക്കാത്തതിനാലാണ് പുഴയോരത്തുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ നടാൻ തീരുമാനിച്ചത്. ജൈവ - ക്ഷീര കർഷകനായ പ്രഭാകരന് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.