trolling

അമ്പത്തിരണ്ട് ദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ് ഇന്ന് അര്‍ധരാത്രിമുതല്‍ വലിയ ബോട്ടുകള്‍ ആഴക്കടലിലേക്ക് പോകുന്നത് വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ്. കേരളതീരത്ത് മത്സ്യസമ്പത്ത് കുറഞ്ഞതാണ് തിരച്ചടിയായത്.

മീന്‍ ലഭിക്കുമോയെന്ന് അറിയില്ല. എങ്കിലും ലക്ഷങ്ങള്‍ മുടക്കി ഉടമകള്‍ ബോട്ടുകള്‍ തയ്യാറാക്കി കഴിഞ്ഞു. തൊഴിലാളികള്‍ കടല്‍യാത്രയ്ക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. മടങ്ങിവരുമ്പോള്‍ ബോട്ട് നിറയെ മീന്‍ ഇല്ലെങ്കില്‍ തൊഴിലാളികളും ബോട്ടുടമയും മാത്രമല്ല ദുഖിക്കേണ്ടി വരുക. മീന്‍ കഴിക്കുന്നവരും നിരാശരാകും. സാധാരണക്കാരന്റെ പ്രിയപ്പെട്ട മത്തിയുടെ വില ട്രോളിങ് കാലത്ത് ഇരുന്നൂറ്റിയമ്പത് കടന്നിരുന്നു. ഇത് താഴേക്കെത്തണമെങ്കില്‍ കടലമ്മ കനിയണം.

നിരോധന സമയത്ത് മീന്‍ പിടിക്കാന്‍ അനുമതിയുള്ള പരമ്പരാഗത തൊഴിലാളികള്‍ക്കും കാര്യമായി മീന്‍ ലഭിച്ചിരുന്നില്ല. കടലില്‍ ഒളിഞ്ഞിരിക്കുന്ന ചാകരയില്‍ മാത്രമാണ് തീരത്തിന്റെ ഇനിയുള്ള ഏക പ്രതീക്ഷ.