train-accident

എറണാകുളം–മധുര പാതയില്‍ രാത്രികാല അപകടങ്ങള്‍ തുടര്‍ക്കഥകളാകുന്നു. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മധുരയിലേക്കു രാത്രികാല ട്രെയിൻ സർവീസ് റെയില്‍വേ ആരംഭിച്ചിട്ടുമില്ല. 

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഡിണ്ടിഗലിനടുത്തു കൊടൈ റോഡിലുണ്ടായ ബസ് അപകടത്തിൽ ചാലക്കുടി സ്വദേശിനി ഡോ.ഡീൻ മരിയ മരിച്ചിരുന്നു. അപകടത്തിൽ പരുക്കേറ്റു ചികിൽസയിലുണ്ടായിരുന്ന ഡ്രൈവറും കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മലയാളികളുൾപ്പെടെ ഒട്ടേറെ പേർ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.

രാവിലെ മധുരയിൽ എത്തുന്ന തരത്തിൽ മധ്യകേരളത്തിൽ നിന്നു ട്രെയിനില്ലാത്തതിനാൽ സ്വകാര്യ ബസുകളേയാണു യാത്രക്കാർ ആശ്രയിക്കുന്നത്. കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നായി ഇരുപതോളം ബസുകളാണു മധുരയിലേക്കു രാത്രികാല സർവീസ് നടത്തുന്നത്. 800 രൂപയാണു ബസിൽ എസി സ്ലീപ്പർ നിരക്ക്. ഇടക്കാലത്തു എറണാകുളം– രാമേശ്വരം സ്പെഷൽ ട്രെയിൻ ഉണ്ടായിരുന്നതിനാൽ പഴനി, മധുര എന്നിവടങ്ങളിലേക്കുളള യാത്രക്കാർക്കു സൗകര്യപ്രദമായിരുന്നു. എന്നാൽ പിന്നീട് റെയിൽവേ ഈ സർവീസ് നിർത്തലാക്കി. തീർഥാടക സംഘങ്ങളും കോളജ്, സർവകലാശാല വിദ്യാർഥികളും ജോലിക്കാരുമുൾപ്പെടെ സ്ഥിരം യാത്രക്കാരാണു ഇതു മൂലം ബസുകളെ ആശ്രയിക്കേണ്ടി വരുന്നത്. അനധികൃത മിനി ബസ് സർവീസുകളും വ്യാപകമായുണ്ട്.

ഗ്രാമങ്ങളിൽ നിന്നു കൊച്ചിയിൽ ജോലിക്കു വരുന്ന തമിഴ് തൊഴിലാളികളാണു മിനി ബസുകളിൽ യാത്ര ചെയ്യുന്നത്. രാമേശ്വരത്തു ഹാച്ചറികളിൽ ജോലി ചെയ്യുന്ന മലയാളികൾ മധുരയിലിറങ്ങി അവിടെ നിന്നു വീണ്ടും ബസ് കയറിയാണു രാമേശ്വരത്തേക്കു പോകുന്നത്. എറണാകുളം–രാമേശ്വരം ട്രെയിനിനു 2018ൽ അനുമതി ലഭിച്ചതാണെങ്കിലും ട്രെയിൻ ഓടിക്കാൻ റെയിൽവേ തയാറല്ല. തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുമെന്നു പറഞ്ഞാണു യാത്രക്കാരെ പറ്റിച്ചത്.

എന്നാൽ അമൃതയുടെ സമയം എറണാകുളത്തു നിന്നുളള യാത്രക്കാർക്ക് സൗകര്യപ്രദമല്ല. പുലർച്ചെ എറണാകുളത്ത് എത്തുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്കു 12.15നാണ് മധുരയിലെത്തുന്നത്. രാവിലെ ജോലിക്കും കോളജിലും പ്രവേശിക്കേണ്ടവർക്ക് ഈ ട്രെയിനിനെ ആശ്രയിക്കാൻ കഴിയില്ല. അടിയന്തരമായി എറണാകുളത്തു നിന്നു മധുരയിലേക്കു രാത്രികാല സർവീസ് ആരംഭിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. രാവിലെ 8നു മുൻപായി മധുരയിലെത്തുന്ന സർവീസാണ് വേണ്ടതെന്നു സ്ഥിരം യാത്രക്കാർ പറയുന്നു.