kodiyer-sfi-issue-fb-post

‘സംഘടനയുടെ സുവർണ കാലമാണ് ഇപ്പോൾ. ഇനി നിങ്ങളെ നശിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു.’ വർഷങ്ങൾക്ക് മുൻപ് കോടിയേരി ബാലകൃഷ്ണൻ എസ്എഫ്ഐ സംസ്ഥാന ക്യാംപിൽ പറഞ്ഞൊരു വാചകം ഒാർത്തെടുക്കുകയാണ് മുൻ നേതാവ് സിന്ധു ജോയി. യൂണിവേഴ്സിറ്റി കോളജിൽ നടന്ന കാട്ടാളത്തെ വിമർശിക്കുമ്പോഴും എസ്എഫ്ഐ ഒരിക്കിലും ഇങ്ങനെ ചെയ്യില്ല എന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും സിന്ധു എഴുതുന്നു. ഇത്തരത്തിൽ  ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എസ്എഫ്ഐ തിന്മയുടെ പ്രതിരൂപം ആണെന്ന് പറയുന്നവരുടെ പക്ഷം ചേരാൻ താനില്ലെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ സിന്ധു ജോയി പറയുന്നു.

ഇതിന് പിന്നാലെ മുൻ ഡിജിപി ടി.പി സെൻകുമാർ ഫെയ്സ്ബുക്കിൽ ഒരു വിഡിയോ കൂടി പങ്കുവച്ചിട്ടുണ്ട്. 2006 ൽ യൂണിവേഴ്സിറ്റി കോളജിൽ കയറിയതാരാ എന്ന് ചോദിച്ചു കൊണ്ടാണ് സെൻകുമാറിന്റെ പോസ്റ്റ്. അന്ന് കോളജിന് മുന്നിൽ പൊലീസുകാരെ അക്രമിക്കുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത പ്രതികൾ കോളജിനുള്ളിൽ കയറി ഒളിച്ചിരുന്നു. ഇവരെ പിടികൂടാനെത്തിയ സെൻകുമാറിനെയും പൊലീസുകാരെയും തടയാൻ ആദ്യമെത്തിയത് അന്നത്തെ എസ്എഫ്ഐ നേതാക്കളായി സിന്ധു ജോയിയും എം സ്വരാജുമായിരുന്നു. അന്ന് സിന്ധു സെൻകുമാറിനോട് കയർത്ത് സംസാരിക്കുന്ന വിഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

സിന്ധു ജോയിയുടെ കുറിപ്പ് വായിക്കാം:

പണ്ടൊരു എസ്എഫ്ഐ സംസ്ഥാന ക്യാമ്പിൽ സിപിഐ-എം സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ഇന്നും ഓർക്കുന്നു: “ സംഘടനയുടെ സുവർണ കാലമാണ് ഇപ്പോൾ. ഇനി നിങ്ങളെ നശിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു. അല്ലെങ്കിൽ പുറത്തു നിന്ന് ആളുകൾ നുഴഞ്ഞു കയറണം.” ഇതിൽ ഏതാണ് ഇന്ന് യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചത് ? ഒരു സഹപ്രവർത്തകനെ കുത്താൻ മാത്രം ക്രൂരത ആരാണ് നിങ്ങളെ പഠിപ്പിച്ചത്? അവൻ ഒരു എസ്എഫ്ഐകാരൻ ആയിരിക്കില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആണെങ്കിൽതന്നെ ഇനി അയാൾ സംഘടനയിൽ ഉണ്ടാകാനും പാടില്ല. കുത്തേറ്റ കുട്ടിക്ക് ഒരാപത്തും വരാതിരിക്കട്ടെ. 

ഇങ്ങനെ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എസ്എഫ്ഐ തിന്മയുടെ പ്രതിരൂപം ആണെന്ന് പറയുന്നവരുടെ പക്ഷം ചേരാൻ ഞാനില്ല. കലാലയങ്ങളിൽ നടന്ന അവസാനത്തെ കൊലപാതകം മഹാരാജാസ് കോളേജിൽ ആണെന്നതും മരിച്ചു വീണത് അഭിമന്യു എന്ന എസ്.എഫ്.ഐകാരൻ ആയിരുന്നു എന്നതും മറക്കാതിരിക്കാം. കേരളത്തിലെ ക്യാമ്പസുകളിൽ ഇനിയും രക്‌തം വീഴാൻ അനുവദിച്ചു കൂടാ. അതിനായി എല്ലാ സംഘടനകളും ഒന്നിച്ചു നിൽക്കണം.