ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് ഒരുമാസം നടപ്പാക്കില്ല. നിയമലംഘനം കണ്ടെത്തിയാലും ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരണം നല്‍കുന്നതിനാണ് പൊലീസിനും മോട്ടോര്‍ വാഹനവകുപ്പിനും നല്‍കിയിരിക്കുന്ന നിര്‍ദേശം. അപകട ഇന്‍ഷുറന്‍സ് വിതരണത്തിന്റെ കാലതാമസം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അപകടങ്ങള്‍ കുറയ്ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. കോടതി വിധിയെത്തുടര്‍ന്നുള്ള ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് ഇതിന്റെ ഭാഗമാണ്. പ്രാകൃത പരിശോധന ഒഴിവാക്കി ക്രമേണ നിയമം നടപ്പാക്കുകയാണ് ലക്ഷ്യം. അപകടത്തിന് ശേഷം മതിയായ നഷ്ടപരിഹാരം കിട്ടാത്തതിന് വാഹന ഉടമകളും ഇന്‍ഷുറന്‍സ് കമ്പനിക്കാരും തമ്മില്‍ തര്‍ക്കം പതിവാണ്. ഇതിന് പരിഹാരം കാണുന്നതിനാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം.
നിയമം നടപ്പാക്കിയത് കൊണ്ട് മാത്രം ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്ന് വാഹനമോടിക്കുന്നവര്‍ മനസിലാക്കുകയാണ് പ്രധാനമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.