mathi

കേരള തീരത്ത് മത്തിയുടെ ലഭ്യത വീണ്ടും കുറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 39 ശതമാനത്തിന്റെ കുറവാണ് മത്തിയുടെ ഉല്‍പാദനത്തില്‍ ഉണ്ടായത്. എന്നാല്‍ കടലില്‍ നിന്നുള്ള ആകെ മത്സലഭ്യതയില്‍ സംസ്ഥാനത്ത് 10 ശതമാനം വര്‍ധനയുണ്ടായതായാണ് സിഎംഎഫ്ആര്‍ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കിട്ടിയ മീനുകളുടെ ആകെ കണക്കെടുപ്പില്‍ മൂന്നാം സ്ഥാനത്താണ് കേരളം.

സമുദ്രോപരിതലത്തില്‍ ചൂട് കൂടിയതും ഇത് ആവാസ വ്യവസ്ഥയില്‍ ഉണ്ടാക്കിയ മാറ്റവുമാണ് മലയാളിയുടെ ഇഷ്ട മീനായ മത്തിയുടെ നിലനില്‍പിന് ഭീഷണിയായത്. മുട്ടയിടാന്‍ പാകത്തിലുള്ള മത്തിയും വളരെ കുറവാണെന്നാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍. രാജ്യത്താകമാനം മുന്‍ വര്‍ഷത്തെക്കാള്‍ 54 ശതമാനം മത്തി കുറഞ്ഞു. കേരളത്തിലെ കുറവ് 39 ശതമാനം. എന്നാല്‍ മറ്റ് മീനുകളുടെ ലഭ്യതയില്‍ കേരളത്തില്‍ പോയ വര്‍ഷം നേരിയ തോതിലെങ്കിലും വര്‍ധനയുണ്ടായി. 6.42 ലക്ഷം ടണ്‍ മത്സ്യമാണ് സംസ്ഥാനത്ത് പിടിച്ചത്. അയലയുടെ ലഭ്യതയില്‍ മാത്രം മുന്‍ വര്‍ഷത്തേക്കാള്‍ 142 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ദേശീയ തലത്തിലും അയലയാണ് ഒന്നാം സ്ഥാനത്ത്. 

ആകെ ഉല്‍പാദനത്തില്‍ വര്‍ധനവുണ്ടായെങ്കിലും രാജ്യത്തെ സമുദ്രമത്സ്യോല്‍പാദനത്തില്‍ കേരളം കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മൂന്നാമതാണ്, ഗുജറാത്ത് ഒന്നാം സ്ഥാനത്തും, തമിഴ്നാട് രണ്ടാം സ്ഥാനത്തുമാണ്, ഏറ്റവും കൂടുതല്‍ മത്സ്യം ലഭിച്ച തുറമുഖമമാകട്ടെ എറണാകുളം ജില്ലയിലെ മുനമ്പവും. സിഎംഎഫ്ആര്‍ഐയില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളും പ്രകാശനം ചെയ്തു.