കേരള കോൺഗ്രസിലെ ഗ്രൂപ്പു പോര് ശക്തമായി തുടരുന്നതിനിടെ,, സൗഹൃദം പങ്കുവച്ച് പി.ജെ.ജോസഫും ജോസ് കെ മാണിയും ഒരു വേദിയിൽ . മുതിർന്ന നേതാവ് ടി.യു.കുരുവിളയുടെ അറുപതാം വിവാഹ വാർഷികാഘോഷ വേളയിലാണ് ഗ്രൂപ്പു തർക്കങ്ങൾ മറന്ന് കേരള കോൺഗ്രസ് നേതാക്കൾ ഒന്നിച്ചത്.
പിളർപ്പു കാലത്ത് പി.ജെ.ജോസഫിനൊപ്പം നിലയുറപ്പിച്ചതിന്റെ പരിഭവമെല്ലാം മാറ്റി വച്ചാണ് കുർളാൻ ചേട്ടനും ഭാര്യയ്ക്കും ആശംസകളുമായി ജോസ് കെ മാണിയെത്തിയത്. ജോസെത്തും മുമ്പേ ജോസഫെത്തിയിരുന്നു. ഇരു നേതാക്കളുടെയും കൈ ചേർത്തുവച്ച് എല്ലാ പ്രശ്നവും ഇവിടെ തീർന്നെന്ന മുതിർന്ന നേതാവ് എബ്രഹാം കലമണ്ണിലിന്റെ കമന്റ് ഗ്രൂപ്പു വ്യത്യാസമില്ലാത്ത ചിരിയുണർത്തി.
ഒരുമിച്ച് ഭക്ഷണവും കഴിച്ച് ഒന്നിച്ചു നിന്നൊരു ഫോട്ടോയുമെടുത്ത് മടങ്ങിയ ജോസഫും ജോസും പക്ഷേ ഉൾപാർട്ടി പ്രശ്നങ്ങളെ പറ്റി തമ്മിലൊന്നും മിണ്ടിയതേയില്ല.