farming

കുട്ടനാട്ടിൽ രണ്ടാംകൃഷി താളംതെറ്റുന്നു. കൃഷിഭവനുകള്‍ വഴി വിതരണം ചെയ്ത നെൽവിത്തുകളേറെയും മുളയ്ക്കാത്തതാണ് കാരണം. കൈനകരി, ചമ്പക്കുളം, വൈശ്യംഭാഗം ഭാഗങ്ങളിലായി കര്‍ഷകരുടെ പരാതികള്‍ ഏറുകയാണ്. ഗുണമേന്മയുള്ള വിത്തുകള്‍ ഉടന്‍ വിതരണം ചെയ്തില്ലെങ്കില്‍ ഇത്തവണത്തെ കൃഷി ഉപേക്ഷിക്കുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്

വിത്തിട്ട് പന്ത്രണ്ടു ദിവസം കഴിഞ്ഞു. മുളയ്ക്കുന്നില്ല. മൂന്നാംനാള്‍ പച്ചപ്പുകാണേണ്ട പാടത്താണ് അങ്ങിങ്ങ് മാത്രം കുറച്ചു മുളവന്നത്. അതും കര്‍ഷകര്‍ സ്വന്തം നിലയില്‍ ശേഖരിച്ച വിത്തുകള്‍ ഇടകലര്‍ത്തി വിതച്ചതുകൊണ്ട് മാത്രം. 220 ഏക്കറുണ്ട് ഇക്കാണുന്ന ഇടപ്പള്ളി സോമാതുരം പാടശേഖരം. ഇവിടുത്തെ നൂറിലധികം കര്‍ഷര്‍ ഇനി എന്തുചെയ്യണമെന്നറിയില്ല. പുതിയ വിത്തിട്ടാലും ഇരട്ടിച്ചെലവാണ്. കൈനകരി കൃഷി ഭവന്‍ വഴിയാണ് ഇവിടുത്തെ കര്‍ഷകര്‍ക്ക് നെല്‍വിത്തുകള്‍ ലഭിച്ചത്. പുതിയ വിത്തുകള്‍ ലഭിച്ചില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കലേ വഴിയുള്ളുവെന്നാണ് കര്‍ഷകരുടെ പക്ഷം.

വ്യക്തമായ മറുപടി നല്‍കാന്‍ കൃഷി ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. പൊതുയോഗം വിളിച്ച് പ്രശ്നങ്ങള്‍ കൂട്ടായി ചര്‍ച്ചചെയ്യാനാണ് കര്‍ഷകരുടെ തീരുമാനം.