yatish-chandra-whatsaap

തൃശൂർ : പൊലീസ് സൊസൈറ്റി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയെ വാട്സാപ്പ് പോസ്റ്റിലൂടെ ആക്ഷേപിച്ച് പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി. സൊസൈറ്റിയിൽ അറ്റൻഡർ തസ്തികയിലേക്കു നടന്ന നിയമനവുമായി ബന്ധപ്പെട്ട് പൊലീസ് കൺട്രോൾ റൂം ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് സംഘടനാ നേതാവിന്റെ പോസ്റ്റ്.

 

സാമ്പത്തിക അഴിമതി ആരോപിക്കപ്പെട്ട നിയമനത്തിൽ ‘സൊസൈറ്റി പ്രസിഡന്റ് റബർ സ്റ്റാംപ് ആയി പ്രവർത്തിക്കുന്നത് ആർക്കുവേണ്ടി’ എന്നാണ് നേതാവിന്റെ പോസ്റ്റ്. നിയമനത്തിൽ അഴിമതിയുണ്ടെന്നുകാട്ടി പൊലീസ് അസോസിയേഷനിലെ ഭരണാനുകൂല വിഭാഗം കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉയർത്ത‍ിയിരുന്നു. അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡന്റ‍ിനെ ലക്ഷ്യംവച്ചായിരുന്നു പ്രചാരണങ്ങൾ. 

 

മുൻ പ്രസിഡന്റ‍ിന്റെ ആശ്രിതന് സ്വാധീനമുപയോഗിച്ച് സൊസൈറ്റിയിൽ നിയമനം നൽകിയെന്നതാണ് ഭരണാനുകൂല വിഭാഗത്തിന്റെ ആരോപണം. എന്നാൽ, സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ആരോപണം ശരിയല്ലെന്നു കണ്ടെത്തി. ഇതിനു പിന്നാലെയാണ് കൺട്രോൾ റൂമിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ജില്ലാ സെക്രട്ടറി പോസ്റ്റിട്ടത്.നിയമനം ലഭിച്ചയാളിൽ നിന്ന് എത്ര പണം വാങ്ങി എന്നത് അന്വേഷണം നടത്തേണ്ട കാര്യമല്ലേ എന്നു പോസ്റ്റിൽ ചോദിക്കുന്നു. 

 

തൊട്ടടുത്ത വരിയിൽ തന്നെയാണ് സൊസൈറ്റി പ്രസിഡന്റ് കൂടിയായ കമ്മിഷണർക്കെതിര‍ായ പരാമർശം. തന്നെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലും സൊസൈറ്റി പ്രസിഡന്റിനെ അപമാനിക്കുന്ന വിധത്തിലും വാട്സാപ്പ് പ്രചാരണം നടത്തിയ അസോസിയേഷൻ നേതാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു മുൻ പ്രസിഡന്റ് കമ്മിഷണർക്കു പരാതി നൽകി