നാട്ടുകാരുടെ രണ്ടര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍  എറണാകുളം െചറായിയില്‍ നൂറ്റിപ്പത്ത് കെവി സബ് സ്റ്റേഷന്‍ ഇന്ന് യാഥാര്‍ഥ്യമാകും . നിര്‍മാണം പൂര്‍ത്തിയായ സബ് സ്റ്റേഷന്‍ വൈദ്യുതി മന്ത്രി എം.എം. മണി നാടിന് സമര്‍പ്പിക്കും. ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകരുമ്പോഴും  വടക്കന്‍ പറവൂരിലെ ശാന്തിവനം വെട്ടിനശിപ്പിച്ചു നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ മേല്‍വീണ കറുത്തപാടായി അവശേഷിക്കുന്നു. 

വൈപ്പിന്‍ മുനമ്പം മേഖലയിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി 1991ല്‍ രൂപം നല്‍കിയ പദ്ധതിയാണ് ഇരുപത്തിയെട്ടു വര്‍ഷത്തിനു ശേഷം ഇന്ന് യാഥാര്‍ഥ്യമാകുന്നത് . പദ്ധതി രൂപരേഖ 91ല്‍ തന്നെ തയാറായെങ്കിലും  2009ല്‍ മാത്രമാണ് നിര്‍മാണം തുടങ്ങിയത് . പക്ഷേ വടക്കന്‍ പറവൂരിലെ ജൈവവൈവിധ്യം നിറഞ്ഞ ശാന്തിവനത്തിനു നടുവിലൂടെയുളള നിര്‍മാണത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും കോടതി വ്യവഹാരങ്ങളും പ്രവര്‍ത്തനങ്ങള്‍ വീണ്ടും വൈകിപ്പിച്ചു. സംസ്ഥാനത്തിന്‍റെയാകെ ശ്രദ്ധയാകര്‍ഷിച്ച പരിസ്ഥിതി സംരക്ഷണ സമരമായി ശാന്തിവനം സംരക്ഷണ സമരം മാറിയെങ്കിലും വിട്ടുവീഴ്ചയ്ക്ക്  തയാറാകാതെ അനുകൂല കോടതി ഉത്തരവിന്‍റെ ബലത്തില്‍ സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വൈപ്പിന്‍ മേഖലയിലെ വര്‍ഷങ്ങള്‍ നീണ്ട വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകും. പക്ഷേ അപ്പോഴും പരിസ്ഥിതിയെ നശിപ്പിച്ചു  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  നടത്തിയതിന്‍റെ ദുഷ്പേര് പദ്ധതിക്കുമേല്‍ അവശേഷിക്കും. പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ക്ക് ഊര്‍ജമായി ഒരമ്മയും മകളും ചേര്‍ന്ന് നയിച്ച സമരവും  ചരിത്രമാകും.