പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരാൻ ഇനിയും വൈകിയേക്കും. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കുമെങ്കിലും തുടർവാദം ഉണ്ടാകാൻ സാധ്യയുണ്ടെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലേയ്ക്ക് വീണ്ടും അന്വേഷണസംഘത്തെ അയക്കാന്‍ ഒരുങ്ങിയ മുംബൈ പൊലീസും കോടതി നടപടിയോടെ അനിശ്ചിതത്വത്തിലായി. 

 

പ്രോസിക്യൂഷനൊപ്പം യുവതിക്കായി വാദിക്കാൻ കോടതി അനുവദിച്ച സ്വകാര്യ അഭിഭാഷകന്‍ തിങ്കളാഴ്ച്ച വീണ്ടും കേസിൽ എതിർവാദം ഉന്നയിച്ചാൽ ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നീട്ടിവച്ചേയ്ക്കും. വാദങ്ങളും തെളിവുകളും എഴുതി സമർപ്പിക്കണമെന്നാണ് അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച്ച വരെ സമയം അനുവദിക്കുകയും ചെയ്തു. എന്നാൽ വാദങ്ങൾ എഴുതിനൽകിയാലും തെളിവുകളുടെ വിശദമായ പരിശോധനയ്ക്കായി  തിങ്കളാഴ്ച്ച കേസിൽ വിധി പറയില്ലെന്നാണ് സൂചന. എന്നാൽ ബിനോയ് കോടിയരിയെ അറസ്റ്റ് ചെയ്യുന്നതലുള്ള വിലക്ക് തിങ്കളാഴ്ച്ചക്ക് ശേഷം തുടരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. 

 

കേസിൽ വഴിതിരിവാകുന്ന വിവരങ്ങളാകും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിക്കുക 2015ഏപ്രിലിൽ യുവതിക്കായി ബിനോയ് സ്വന്തം ഇ-മെയിലില്‍ നിന്നയച്ച വീസാരേഖകള്‍ക്കും വിമാനടിക്കറ്റുകൾക്കും  ബന്ധപ്പെട്ട തെളിവുകൾ കോടതിയിൽ എത്തിക്കുമെന്നാണ് വിവരം. കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടാൽ ബിനോയിയെ അറസ്റ്റുചെയ്യാനൊരുങ്ങിയിരുന്ന മുംബൈ പൊലീസിന് തുടർനടപടികള്‍ തൽക്കാലം നിർത്തിവയ്ക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാനുള്ള നടപടികൾ ആരംഭിച്ചതിനാൽ വനിതാമജിസ്ട്രേറ്റിന്റെ സമയമനുസരച്ച് അടുത്ത അഴ്ച്ച തുടക്കത്തിൽതന്നെ മൊഴി രേഖപ്പെടുത്തും. സിആർപിസി 164 പ്രകാരം രേഖപ്പെടുത്തുന്ന രഹസ്യമൊഴി കേസിൽ നിർണായകമാണ്.