
ജയില്‍ വളപ്പിന്റെ പുറത്ത് നിന്ന് ജയിലിനുള്ളിലെ പ്രതികള്‍ക്ക് മദ്യക്കുപ്പികള്‍ എറിഞ്ഞ് കൊടുക്കുന്ന കാഴ്ച അരങ്ങേറിയ ഇടമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. കൊടി സുനിയും അണ്ണന്‍ സിജിത്തും തുടങ്ങി തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ച് കൊന്ന കോടീശ്വരന്‍ മുഹമ്മദ് നിഷാം വരെ ജയിലിനുള്ളില്‍ കിടന്ന് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതും നിത്യവാര്‍ത്തയായിരുന്നു. ഇങ്ങിനെ നിയന്ത്രണം ഒന്നുമില്ലാതെ കയ്യൂക്കും സ്വാധീനവുമുള്ള കുറ്റവാളികള്‍ അരങ്ങുവാഴുന്ന ഇടമാണ് കേരളത്തിലെ തടവറകള്‍.
എന്നാല്‍ ഇനി ആ കളി നടക്കില്ലായെന്ന് വ്യക്തമാക്കിയാണ് ഐ.ആര്‍.ബി സ്കോര്‍പ്പിയോണ്‍സ് സെന്‍ട്രല്‍ ജയിലുകളിലേക്കെത്തുന്നത്. കൊടികുത്തി വാഴുന്ന കുറ്റവാളികളെ വിറപ്പിക്കാന്‍ ജയില്‍ മേധാവിയായി ചുമതലയെടുത്തതിന് പിന്നാലെ ഋഷിരാജ് സിങ് എടുത്ത ആദ്യ തീരുമാനങ്ങളിലൊന്നാണ് സുരക്ഷാ ചുമതല സ്കോര്‍പ്പിയോണ്‍സിനെ ഏല്‍പ്പിക്കുന്നത്. ഇവരെത്തുന്നതോടെ വെറും പൊലീസല്ല, ഒരു കൊച്ച് സൈന്യം തന്നെയാവും ജയിലിന് കാവല്‍ നില്‍ക്കുന്നത്.
ഇന്‍ഡ്യന്‍ റിസര്‍വ് ബറ്റാലിയനിലെ അംഗങ്ങളെ രണ്ടായിതിരിക്കാറുണ്ട്. റെഗുലര്‍ വിങ്ങും കമാന്‍ഡോ വിങും. ഇതില്‍ റെഗുലര്‍ വിങാണ് സ്കോര്‍പ്പിയോണ്‍സ് എന്നറിയപ്പെടുന്നത്. കഠിന പരിശീലനത്തിലൂടെ ഒരുക്കിയെടുക്കുന്ന അര്‍ധ സൈന്യവിഭാഗമാണ് സ്കോര്‍പ്പിയോണ്‍സ്. ബിഎസ്എഫ്, സിആർപിഎഫ്, ദ്രുതകര്‍മ്മ സേന എന്നീ വിഭാഗങ്ങള്‍ക്കൊപ്പം പരിശീലനം നേടിയിട്ടുണ്ട്. അതും കേരളത്തില്‍ മാത്രമല്ല, കശ്മീര്‍ അടക്കമുള്ള അതിസുരക്ഷാ മേഖലകളില്‍ പോയും പരിശീലനം നേടിയവര്‍. ആധുനിക തോക്കുകളടക്കം പുഷ്പം പോലെ ഉപയോഗിക്കുന്നവര്‍. കേരള പൊലീസിന്റെ നിയന്ത്രണത്തിലെ ഏറ്റവും കായകമികവും പരിശീലനമികവുമുള്ള വിഭാഗം എന്ന് നിസംശയം പറയാം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 15 പേരും പൂജപ്പുരയിലും വിയ്യൂരിലും 14 പേരും ആദ്യഘട്ടം എത്തും. ജൂലായ് 1 മുതല്‍ ഇവര്‍ തോക്കേന്തി കാവല്‍ നില്‍ക്കും. ജയിലും പൊലീസും രണ്ട് വകുപ്പായതിനാല്‍ ജയിലിനുള്ളിലേക്ക് ഇവര്‍ പ്രവേശിക്കില്ല. പ്രവേശനകവാടം ഉള്‍പ്പെടെ ചുറ്റുവളപ്പിലാവും ഇവരുടെ കേന്ദ്രം. 24 മണിക്കൂറും സായുധ നിരീക്ഷണത്തിന് തയാറാണ് സ്കോര്‍പ്പിയോണ്‍ സംഘം എത്തുന്നത്. സംശയകര സാഹചര്യത്തില്‍ ആരെ കണ്ടാലും പിടിക്കാനും ചോദ്യം ചെയ്യാനും ഇവര്‍ക്ക് അധികാരമുണ്ട്. അതിന് ശേഷം ജയില്‍ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരെ അറിയിക്കുകയെന്നതാണ് ഡ്യൂട്ടി.
എസ്.എ.പിയും എ.ആറും അടക്കം സാധാരണ പൊലീസുകാരെ മാറ്റിയാണ് ഈ കൊച്ചുസൈന്യം എത്തുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.