ഉൽസവകാലത്ത് പഴയ റെക്കോർഡുകൾ പഴങ്കഥയാക്കി മുന്നേറുന്നത് മദ്യവിൽപ്പനയുടെ കണക്കുകളാണ്. എന്നാൽ വിവരാവകാശ പ്രകാരം പുറത്തുവന്ന കണക്കുകൾ കണ്ടാൽ മദ്യപാനികളുടെ ഹൃദയം തകരും. കേരള സര്‍ക്കാരിന്റെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങുന്ന മദ്യം വില്‍ക്കുന്നത് യഥാർഥ വിലയിൽ നിന്നും പത്തിരട്ടിയിലേറെ ഇൗടാക്കിയാണ്. തിരുവനന്തപുരം സ്വദേശി ഡോ.ജോസ് സെബാസ്റ്റ്യൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതിൽ ചില കണക്കുകളിങ്ങനെ: ഓഫിസേഴ്സ് ചോയ്സ് ബ്രാന്‍ഡി 750 മില്ലി ലിറ്റര്‍ സര്‍ക്കാര്‍ വാങ്ങുന്നത് 60.49 രൂപയ്ക്കാണ്. ഇത് സർക്കാർ വിൽക്കുന്നത് 690 രൂപയ്ക്കും. റമ്മിന്റെ വാങ്ങുന്ന വില 61.03 രൂപയും വില്‍ക്കുന്ന വില 650 രൂപയുമാണ്. ഓഫീസേഴ്സ് ചോയ്സ് വിസ്‌കി വാങ്ങുന്നത് 58.27 രൂപയ്ക്കും വില്‍ക്കുന്നത് 630 രൂപയ്ക്കും. ബിജോയ്സ് പ്രീമിയം ബ്രന്‍ഡിയുടെ വാങ്ങുന്ന വില 52.43 രൂപയാണ്. ഇത് വില്‍ക്കുന്നത് 560 രൂപയ്ക്കും.
ബക്കാര്‍ഡി ക്ലാസിക് സൂപ്പര്‍ റം 167.36 രൂപയ്ക്ക് വാങ്ങുന്ന സര്‍ക്കാര്‍ 1240 രൂപയ്ക്കാണ് വില്‍ക്കുന്നത്. ജനപ്രിയ ബ്രാന്‍ഡായ ഓള്‍ഡ് മങ്ക് റം വാങ്ങുന്നത് 71.64 രൂപയ്ക്കും വില്‍ക്കുന്നത് 770 രൂപയ്ക്കുമാണ്. ഹെര്‍ക്കുലീസ് റമ്മിന്റെ വാങ്ങുന്ന വില 63.95 രൂപയും വില്‍ക്കുന്ന വില 680 രൂപയുമാണ്. ഇത്തരത്തിൽ മദ്യപാനികൾ മൂക്കത്ത് വിരൽ വച്ചുപോകുന്ന തരത്തിലാണ് വാങ്ങലും വിൽപ്പനയും. നികുതിയാണ് ഇത്തരത്തിൽ വില ഇൗടാക്കാനുള്ള കാരണം.