porali-shaji-post-sajan
സൈബർ ഇടങ്ങളിൽ പാര്‍ട്ടിയുടെ കരുത്താണ് പോരാളി ഷാജി എന്ന ഫെയ്സ്ബുക്ക് പേജ്. എതു പ്രതിസന്ധിയിൽ ഉൾപ്പെട്ടാലും അതിനെ ന്യായീകരിക്കുകയും പക്ഷം ചേരുകയും ചെയ്യുന്ന ഇൗ പേജ് ഇപ്പോൾ വേറിട്ട ഒരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. കണ്ണൂരിലെ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോരാളി ഷാജിയും പാർട്ടിക്കൊപ്പമല്ലെന്ന് തെളിയിക്കുകയാണ്. ഫെയ്സ്ബുക്കിന്റെ മുഖചിത്രം കറുപ്പാക്കിയതും ശ്രദ്ധേയമാണ്. ഇതിനൊപ്പമാണ് സാജൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖം പേജിൽ പങ്കുവച്ചിരിക്കുന്നത്.

തന്റെ സ്വപ്നമായ സംരംഭത്തെ കുറിച്ച് തുറന്നു പറയുന്ന സാജന്റെ ഇൗ അഭിമുഖം ഏറെ ഹൃദ്യമാണ്. ഇൗ വിഡിയോ പങ്കുവച്ച് പേജിൽ നൽകിയിരിക്കുന്ന കുറിപ്പ് പാർട്ടിയിലെ രണ്ടഭിപ്രായത്തിന്റെ സൂചന കൂടി നൽകുന്നു. ‘ആദരാഞ്ജലികൾ സഹോദരാ. പോകാൻ തന്നെ തീരുമാനിച്ചിരുന്നുവെങ്കിൽ സ്വാഭാവിക നീതി നിഷേധിച്ച ഒന്ന് രണ്ടെണ്ണത്തിനെ കൂടെ കൊണ്ടുപോകാമായിരുന്നു’ എന്നാണ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന കുറിപ്പ്. ഇൗ പോസ്റ്റിന് താഴെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. എല്ലാ ശരികേടിനെയും കൊടിയുടെ നിറം നോക്കി ന്യായീകരിക്കാതെ ഇത്തരം കാര്യങ്ങളിൽ‌ ഇതുപോലെ  ശരിയായ നിലപാട് സ്വീകരിക്കണമെന്നാണ് കമന്റുകൾ.

എന്നാൽ ഉദ്യോഗസ്ഥര്‍ വരുത്തുന്ന വീഴ്ചക്ക് നഗരസഭ അധ്യക്ഷക്കെതിരെ നടപടി വേണ്ടെന്ന സമീപനമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്. ഉദ്യോഗസ്ഥരുടെ വീഴ്ചക്ക് പി.കെ.ശ്യാമളക്ക് എതിരെ നടപടി എടുക്കുന്നത് ഉചിതമല്ലെന്ന വികാരമാണ് സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഓരോ ഉദ്യോഗസ്ഥരും ചെയ്യുന്ന വീഴ്ചക്ക് ജനപ്രതിനിധിക്കെതിരെ നടപടി എടുക്കാന്‍ നിന്നാല്‍ അതിനെ സമയമുണ്ടാവൂ.അനധികൃത നിര്‍മാണങ്ങള്‍ പ്രോല്‍സാഹിപ്പിക്കെപ്പെടാന്‍ ഇതു കാരണമാകുമെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.എന്നാല്‍ പി.കെ.ശ്യാമളക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ കണ്ണൂര്‍ ജില്ലാ ഘടകം ഉറച്ചുനിന്നാല്‍ മാത്രമേ നടപടി വേണമോ എന്ന കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ചക്ക് വരികയൊള്ളൂ.ശ്യാമളക്കെതിരെ നടപടി എന്നത് പി.ജയരാജന്റെ ആവശ്യമായതിനാല്‍ അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിമുള്ളതെന്നാണ് സൂചന.

ഇതോടെ ആന്തൂര്‍ വിഷയത്തില്‍ സി.പി.എമ്മിനുള്ളില അഭിപ്രായ ഭിന്നത കൂടുതല്‍ പ്രകടമാവുകയാണ്. പീഡനവിവാദത്തില്‍ മകനൊപ്പമില്ലെന്ന് കോടിയേരി പാര്‍ട്ടിക്ക് അകത്തും പുറത്തും വിശദീകരിച്ചെങ്കിലും തിരഞ്ഞെടുപ്പ് അവലോകനത്തിന് േചരുന്ന സംസ്ഥാനസമിതിയില്‍ അവ വിശദീകരിക്കാതെ മുന്നോട്ട് പോകാനാവില്ല. കോടിയേരിയെ മകനുമായി ബന്ധിപ്പിക്കേണ്ടെന്ന പിന്തുണ സെക്രട്ടറിയേറ്റ് നല്‍കിയെങ്കിലും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു വരാനുള്ള സാധ്യത പാര്‍ട്ടിനേതൃത്വം തള്ളികളയുന്നില്ല. സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഒഴിവാക്കുന്നതിനാണ്  ഇന്നലെ തന്നെ നിലപാട് പരസ്യപ്പെടുത്തി കോടിയേരി വാര്‍ത്താസമ്മേളനം നടത്തിയത്.