kr-chummar-

രാഷ്ട്രീയത്തിനുണ്ടായ നഷ്ടം പത്രപ്രവർത്തനത്തിനു നേട്ടമായി മാറിയ ഉദാഹരണമാണ്  പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ ആര്‍ ചുമ്മാറിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ റിപ്പോര്‍ട്ടിങ്ങിന്റെ മുഖഛായ മാറ്റിയ കെ ആര്‍ ചുമ്മാറിന്റെ കസേര ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ  ഇരുപത്തഞ്ചാം ചരമ വാർഷികത്തോട് അനുബന്ധിച്ചു  മനോരമ ബുക്സ് പ്രസിദ്ധീകരിച്ച കെ ആര്‍ ചുമ്മാറിന്റെ ‘തിരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. 

 

കെ ആര്‍ ചുമ്മാറെന്ന ഏതു സ്ഥാപനത്തേയും കടന്നു നില്‍ക്കുന്ന പത്രപ്രവര്‍ത്തക വ്യക്തിത്വത്തെയാണ് മുഖ്യമന്ത്രി എടുത്തു കാട്ടിയത്. രാഷ്ട്രീയക്കാരുമായി അടുപ്പം ഉള്ളപ്പോഴും  അവരുമായി ഒരു വാർത്തയുടെ അകലം പാലിച്ച മൂല്യങ്ങളുടെ പ്രതീകമെന്ന് കെ ആര്‍ ചുമ്മാറിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചു. 

 

പതിറ്റാണ്ടുകൾക്കു മുൻപ് കെ.ആർ.ചുമ്മാർ എഴുതിയ ലേഖനങ്ങൾ ഇപ്പോൾ വായിക്കുമ്പോഴും പ്രസക്തിയേറെയെന്ന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അനുസ്മരിച്ചു. മലയാള മനോരമ  ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് ഏബ്രഹാം, ഭാഷാപോഷിണി എഡിറ്റർ ഇൻ ചാർജ് കെ.സി.നാരായണൻ തുടങ്ങിയവരും സംസാരിച്ചു.