മാവേലിക്കരയിൽ വനിത സിവിൽ പൊലീസ് ഓഫിസറെ വെട്ടിയും പെട്രോളൊഴിച്ചു തീ കൊളുത്തിയും കൊലപ്പെടുത്തിയതു തങ്ങളുടെ നാട്ടുകാരനായ അജാസാണെന്നു വിശ്വസിക്കാനാകാതെ വാഴക്കാലക്കാർ. ഇത്രയും ക്രൂരമായി പ്രതികാരം ചെയ്യാവുന്നത്ര പ്രശ്നങ്ങൾ അജാസിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നുവെന്നു അയൽക്കാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കുമറിയില്ലായിരുന്നു

ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ അജാസ് വനിതാ സിവിൽ പൊലീസ് ഓഫിസറുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള വിവരങ്ങൾ സുഹൃത്തുക്കളോടും പങ്കുവച്ചിട്ടില്ല. അജാസിന്റെ ക്രൂരകൃത്യത്തെക്കുറിച്ചറിയുമ്പോൾ പിതാവും മാതാവും സഹോദരിയും മാത്രമാണ് വാഴക്കാല മൂലേപ്പാടം റോഡിലെ വീട്ടിലുണ്ടായിരുന്നത്

ചാനലുകളിലൂടെ വാർത്തയറിഞ്ഞു ഏതാനും അയൽക്കാരും ബന്ധുക്കളും എത്തിയെങ്കിലും വൈകാതെ അവർ പിരിഞ്ഞു പോയി. ആരോടും സംസാരിക്കാനാകാത്ത അവസ്ഥയിലായിരുന്നു പിതാവ്. അവിവാഹിതനായ അജാസിനൊപ്പമുള്ള ഇരട്ട സഹോദരൻ ഡ്രൈവറാണ്. ഏതോ പരീക്ഷയ്ക്കു അജാസ് തയ്യാറെടുത്തിരുന്നതായി സമീപത്തെ കടക്കാരൻ പറഞ്ഞു.

കടയിൽ നിന്നു എല്ലാ ആഴ്ചയിലും പൊതുവിജ്ഞാന വാരിക വാങ്ങിയിരുന്ന അജാസ് തന്നെയാണ് പരീക്ഷയുടെ കാര്യം പറഞ്ഞിരുന്നതത്രെ. സാമ്പത്തിക ചുറ്റുപാടുള്ള കുടുംബമാണ് അജാസിന്റേത്. സിവിൽ ലൈൻ റോഡിലെ വാഴക്കാല ജംക‍്ഷനിൽ നിന്നു 100 മീറ്റർ മാത്രം മാറിയാണ് മൂലേപ്പാടം റോഡിൽ അജാസിന്റെ വീട്. വീടിനോടു ചേർന്നു റോഡരികിൽ കടമുറികൾ നിർമിച്ചു വാടകയ്ക്കു നൽകിയിട്ടുണ്ട്